കോട്ടയം: ക്രിസ്മസിനു രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ക്രിസ്മസ് പുൽക്കൂടും വീടും ക്രിസ്മസ് ട്രീയും വർണാഭമാക്കാനുള്ള അലങ്കാര സാമഗ്രികളാണു വിൽപനയ്ക്കുള്ളത്. നക്ഷത്രങ്ങളും അലങ്കാര സാമഗ്രികളുമായി ഇതര സംസ്ഥാനക്കാരും നിരത്തുകളിലുണ്ട്. മഹാരാഷ്ട്രയിൽനിന്നും വലിയ ബലൂണുകളുമായി സ്ത്രീകളും കുട്ടികളും തന്പടിച്ചിരിക്കുന്നു.
അടുത്തയാഴ്ച സ്കൂളുകളിലും കോളജുകളിലും ക്രിസ്മസ് ആഘോഷം നടക്കുന്നതിനു മുന്നോടിയായാണ് ഇത്തരം സാധനങ്ങളുടെ കച്ചവടക്കാരെത്തിയിരിക്കുന്നത്. ക്രിസ്മസ് പപ്പായുടെ മുഖംമൂടിയും തലമൂടിയും വിൽപനയ്ക്കുണ്ട്. വൈകാതെ വഴിയോരങ്ങളിൽ പടക്കം, പൂത്തിരി, കന്പിത്തിരി വിൽപനയും സജീവമാകും.
സ്കൂൾ,കോളജ് ആഘോഷങ്ങൾക്കുള്ള വസ്തുക്കൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെ. നക്ഷത്രം വാങ്ങാനും നിരവധി ആളുകൾ എത്തുന്നുണ്ട്.