കോട്ടയം: ദൈവപുത്രന്റെ ജനനത്തെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങുന്നതിനൊപ്പം ക്രിസ്മസ് വിപണിയും ഉണർന്നുകഴിഞ്ഞു. നക്ഷത്രങ്ങളും ക്രിസ്മസ് പപ്പയും ക്രിസ്മസ് കേക്കും ക്രിബുകളും ക്രിസ്മസ് ട്രീയും ബലൂണും പടക്കവും ലാത്തിരിയും പൂത്തിരിയുമായി ഇത്തവണയും വിപണി ഉണർന്നു.
ക്രിസ്മസ് വിപണി കച്ചവടക്കാരെ സംബന്ധിച്ച് വലിയ കച്ചവട സീസണ് കൂടിയാണ്. ക്രിസ്മസിനു രണ്ടാഴ്ച മാത്രം ശേഷിക്കവേ വിപണി സജീവമായി നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിബുകളും അലങ്കാര ബൾബുകളും ക്രിസ്മസ് ട്രീയും വ്യാപാര സ്ഥാപനങ്ങളിൽ വിൽപനയ്ക്കായി എത്തി കഴിഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ വർഷം ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നു. അതിനാൽ കച്ചവടവും കുറവായിരുന്നു. ഇത്തവണ ഡിസംബറിനു മുന്പുതന്നെ ക്രിസ്മസ് വിപണി എല്ലായിടത്തും സജീവമായി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വഴിയോര കച്ചവടവും സജീവമാണ്. സാന്താക്ലോസ് മുഖംമൂടികളും തൊപ്പികളും തേടിയാണു കുട്ടികൾ കൂടുതലായി എത്തുന്നത്. അടുത്തയാഴ്ചയോടെ കേക്ക് വിപണിയും സജീവമാകും.
വിവിധ തരത്തിലും രുചിയിലുമുള്ള കേക്കുകളാണ് ബേക്കറികളുടെ ബോർമകളിൽ ഒരുങ്ങുന്നത്. എസ്എംഎസും ഇ-മെയിലും ഫേസ് ബുക്കും ട്വിറ്ററും അരങ്ങുവാഴുന്പോഴും ക്രിസ്മസ് കാർഡുകൾ തേടിയെത്തുന്നവരുമുണ്ട്. നഗരത്തിലെ അപൂർവം കടകളിൽ മാത്രമാണു കാർഡുകളുടെ ശേഖരമുള്ളത്.
മിന്നും താരങ്ങൾ
ഓട്ടോമാറ്റിക് ലൈറ്റുകളുടെ വർണഭംഗിയിലും എൽഇഡി ബൾബുകളുടെ മാസ്മരികതയിലും മിന്നിതെളിയുന്ന നക്ഷത്രങ്ങളാണു വിപണിയിലെ താരം. പേപ്പർ നക്ഷത്രങ്ങളേക്കാൾ എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ.
145 മുതൽ 700 വരെയാണു വില. പേപ്പർ നക്ഷത്രങ്ങളിൽ ഇത്തവണ വെള്ള വാൽ നക്ഷത്രങ്ങൾക്കും പ്രിന്റഡ് നക്ഷത്രങ്ങൾക്കുമാണ് ഡിമാന്റ്. 80 രൂപ മുതൽ 800 രൂപ വരെയുള്ള പേപ്പർ നക്ഷത്രങ്ങളുണ്ട്.
വിപണിയിലെത്തുന്ന പേപ്പർ നക്ഷത്രങ്ങൾ മിക്കവാറും തന്നെ അച്ചടിക്കുന്നത് ശിവകാശിയിലാണ്. കുന്നംകുളം പോലെയുള്ള കേന്ദ്രങ്ങളിൽ നിന്നാണു നക്ഷത്രങ്ങൾ ഒട്ടിച്ചു വില്പനയ്ക്കെത്തിക്കുന്നത്. നക്ഷത്രങ്ങൾക്കൊപ്പം അലങ്കാരങ്ങളുടെയും ഓട്ടോമാറ്റിക് ബൾബുകളുടെയും കച്ചവടം വിപണിയിൽ ആരംഭിച്ചു കഴിഞ്ഞു.
പുൽക്കൂടും എത്തി
ഉണ്ണിക്കു പിറക്കാൻ പുൽക്കൂടും ഒരുങ്ങി. ചൂരലുകൊണ്ടും തടികൊണ്ടും നിർമിച്ച ചെറുതും വലുതുമായ പുൽക്കൂടുകൾ വിപണിയിലെത്തികഴിഞ്ഞു.500 രൂപ മുതൽ 3000 രൂപ വരെയാണ് പുൽക്കൂടുകളുടെ വില. റെഡിമെയ്ഡ് പുൽക്കൂടുകൾക്ക് വിപണിയിൽ നല്ല ഡിമാന്റാണ്. പുൽക്കൂടിനുള്ളിൽ വയ്ക്കുന്ന ക്രിബുകൾക്കും ആവശ്യക്കാരേറെയാണ്.
250 രൂപ മുതൽ 3000 രൂപ വരെയാണ് സെറ്റിനു വില. വിവിധ തരത്തിലുള്ള റെഡിമെയ്ഡ് ക്രിസ്മസ് ട്രീകളും വിപണിയിലെത്തി കഴിഞ്ഞു.
മഞ്ഞിന്റെ ആവരണമുള്ള പ്ലാസ്റ്റിക് ട്രീകൾ വരെയുണ്ട്. ക്രിസ്മസ് ട്രീകൾ അലങ്കരിക്കുന്നതിനുള്ള അലങ്കാര വസ്തുക്കളും ക്രിസ്മസ് റീത്തുകളും വിപണിയിലെത്തിയിട്ടുണ്ട്. വഴിയോര കച്ചവടക്കാരാണ് ഇത് കൂടുതലും വിൽക്കുന്നത്.