കോട്ടയം: അണാപൈസയില്ലാതെ ബെദ്ലഹേം തെരുവിലൂടെ അലഞ്ഞ ജോസഫും മേരിയും കരുതിയുരുന്നില്ല തങ്ങൾക്ക് പിറക്കാൻ പോകുന്നത് വരാനുള്ള ലോകത്തിന് വെളിച്ചമാകുന്ന നക്ഷത്രമെന്ന്. ഏതാണ്ട് സമാനമാണ് രക്ഷകന്റെ ജനനത്തെ വർണിക്കുന്ന ഈ ഗാനത്തിന്റെ പിറവിയും.
വൻമുതൽ മുടക്കിനൊന്നും പാങ്ങില്ലാത്ത ചങ്ങാതിമാരുടെ പാട്ടിനോടുള്ള ഇഷ്ടം ഇത്തവണയും നക്ഷത്രത്തിളക്കമുള്ള ഒരു ഗാനത്തിന് കൂടി പിറവിയേകി. റോണു ജോണും സംഘവുമാണ് സെറാഫിം ഹാർമണിക്സ് എന്ന യൂട്യൂബ് ചാനലിൽ പുത്തൻ ക്രിസ്മസ് ഗാനവുമായി എത്തിയിരിക്കുന്നത്.
കന്യകതൻ താരാട്ടിനാൽ മയങ്ങുന്നതാരിവനോ എന്ന ഗാനം ഇതിനകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്. ആൽബിൻ ഉണ്ണി സാം, അഖിൽ തോമസ് കുര്യൻ, ആസോർ ജാക് ജീസസ്, ക്രിസ്റ്റീന ബാബു, ദിയ മരിയ, ഇവ മെർലിൻ ഷാജി, ജനീറ്റ മറിയം ജോബി, ജെറിൻ വി. ജോൺ, മോനു കെ. ബാബു, പോൾസൺ മാത്യു, റിയ രാജൻ, റോണു ജോൺ, റോസ് മേരി ഐസക്ക്, ശിൽപ്പ അന്ന സാം, കെ.ജെ. സിൻസിയ, സോനു കെ. ബാബു, വിമൽ തന്പി എന്നിവരാണ് ഗായകർ.
ഇവർ തന്നെ കാമറയ്ക്ക് പിന്നിലും. അധ്യാപികയായ റിയ രാജനാണ് പാട്ടിന്റെ വരികളെഴുതിയത്. സംഗീതം നൽകിയത് റോണു ജോണും.
ചങ്ങാതിക്കൂട്ടത്തിലെ കാമറമാനായ സോനു കെ. ബാബുവാണ് പാട്ട് ചിത്രീകരിച്ചത്. എല്ലാവരും പുതുപ്പള്ളി എറികാട് സെന്റ്. ജയിംസ് സിഎസ്ഐ പള്ളി അംഗങ്ങളാണ്. ഗാനരംഗത്തിലെ ഗ്രാഫിക്സും റോണു ജോണിന്റേതാണ്.
ഉണ്ണി യേശുവിനെ തേടി നെയ്റയുടെ പുത്രിമാരായ നെലീഹയും സോറയും നടന്നുപോയ വഴികളുടെ ചിത്രീകരണമാണ് റോണുവിന്റെ ഗ്രാഫിക്സിൽ.