
ന്യൂയോർക്ക്: ഗെയിം ഓഫ് ത്രോൺസ് പരമ്പരയിലൂടെ പ്രശസ്തനായ നടൻ ക്രിസ്റ്റോഫർ ഹിവ്ജുവിനും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഗെയിം ഓഫ് ത്രോൺസിൽ ടോർമുണ്ട് എന്ന കഥാപാത്രത്തെയാണ് ഹിവ്ജു അവതരിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബത്തോടൊപ്പം നോർവേയിലെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. തങ്ങളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ജലദോഷം പോലുള്ള ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ഹിവ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
ഓസ്കർ ജേതാവായ മുതിർന്ന നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റിതാ വിൽസനും കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. പിന്നീട് ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ പ്രശസ്തയായ നടി ഓൾഗ കുറിലെങ്കോയ്ക്കും കോവിഡ് ബാധിച്ചിരുന്നു.