കൊച്ചി: ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി പോലീസ്. വിവിധ തലത്തിലുള്ള സുരക്ഷ ഒരുക്കുവാനാണു അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കുമെന്നാണു ലഭിക്കുന്ന വിവരം. ആഘോഷങ്ങളോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്.
നിലവിൽ കൊച്ചിയിൽ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണികൾ ഉയർന്നുവന്നിട്ടില്ലെന്ന് അധികൃതർ വിശദീകരിക്കുന്നു. തീരദേശ മേഖലകളിലും ഉൾപ്പെടെ കാര്യക്ഷമമായ പരിശോധന നടത്തും. തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 23 ന് കൊച്ചിയിൽ യോഗം ചേരുവാനും തീരുമാനമായിട്ടുണ്ട്.
കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ലോക്കൽ പോലീസും പങ്കാളികളാകും. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ കാര്യക്ഷമമായി പരിശോധിക്കേണ്ടത് സംബന്ധിച്ചുള്ള തീരുമാനം ഈ യോഗത്തിലുണ്ടാകുമെന്നാണു സൂചന.
തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള ഭീഷണികൾ വർധിച്ചുവരുന്നതിന്റെ ഭാഗമായാണു സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുന്നത്. അതിനിടെ, ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് വാഹന പരിശോധനകൾ കാര്യക്ഷമമാക്കാനും പോലീസ് ഒരുങ്ങുകയാണ്.
വൻകിട ഹോട്ടലുകളിലും മറ്റും ആഘോഷരാവുകളിൽ നടത്തുന്ന റേവ് പാർട്ടികളിൽ ഉൾപ്പെടെ കർശന നിരീക്ഷണം നടത്തുവാനും അധികൃതർ തീരുമാനിച്ചുകഴിഞ്ഞു. ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായാണു കാര്യക്ഷമമായ പരിശോധനകൾക്കും നടപടികൾക്കും അധികൃതർ ഒരുങ്ങുന്നത്.