ജക്കാർത്ത: ലോകത്തിൽ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യക്കു സ്വന്തം. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ നോർത്ത് സുമാത്ര പ്രവിശ്യയിലെ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിനു സമീപമുള്ള സിബിയാബിയ കുന്നിലാണു സ്ഥാപിച്ചത്.
കഴിഞ്ഞദിവസം ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.അന്റോണിയസ് സുബിയാന്റോ ബെഞ്ചമിന്‍ ഇതിന്റെ ആശീർവാദവും ഉദ്ഘാടനവും നിര്‍വഹിച്ചു.
ഈ കുന്ന് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നും ആളുകളുടെ വിശ്വാസം ശക്തിപ്പെടാൻ ഈ സ്ഥലം നിമിത്തമാകുമെന്നും ആർച്ച്ബിഷപ് പറഞ്ഞു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരം ഈ പ്രതിമയ്ക്ക് കൂടുതലുണ്ട്. ക്രൈസ്റ്റ് ദ റിഡീമർ പ്രതിമയുടെ ഉയരം 39.6 മീറ്ററാണ്.
കഴിഞ്ഞ ആറിന് ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ വച്ച് ഈ പ്രതിമയുടെ ചെറുപതിപ്പ് ഫ്രാൻസിസ് മാർപാപ്പയെ കാണിക്കുകയും മാർപാപ്പ അത് ആശീര്‍വദിക്കുകയും ചെയ്തിരുന്നു.
പ്രതിമയ്ക്കു താഴെയായി ആലേഖനം ചെയ്ത പ്രാർഥനയില്‍ മാർപാപ്പയുടെ ഒപ്പും ചേര്‍ത്തിട്ടുണ്ട്. മേഡന്‍ അതിരൂപതയും സിബോള്‍ഗ രൂപതയും ഉള്‍പ്പെടുന്ന നോര്‍ത്ത് സുമാത്ര, ഇന്തോനേഷ്യയില്‍ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ 15 ദശലക്ഷം ജനസംഖ്യയില്‍ 1.1 ദശലക്ഷം കത്തോലിക്കരുണ്ട്. 4.01 ദശലക്ഷം പ്രോട്ടസ്റ്റന്റുകാരുമുണ്ട്.