പ്രായമായിത്തുടങ്ങിയെന്ന് അടക്കം പറച്ചിൽ കേട്ടുതുടങ്ങുന്ന മുപ്പത്തിയാറാം വയസിൽ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലേക്കു തന്റെ പേരും ചേർത്ത് പോര്‍ച്ചുഗൽ ക്യാപ്റ്റനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ചൊവ്വാഴ്ച യൂറോകപ്പിൽ ഹംഗറിക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയാണ് അദ്ദേഹം റിക്കാർഡ് ബുക്കിൽ തന്റെ പേരെഴുതി ചേർത്തത്. യൂറോകപ്പില്‍ റൊണാൾഡോ ഇതുവരെ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷേൽ പ്ലറ്റീനി സ്ഥാപിച്ച ഒമ്പതു ഗോളുകളുടെ മുന്‍ റിക്കാര്‍ഡിനെ മറികടന്നു.
അഞ്ച് യൂറോകപ്പുകളില്‍ പങ്കെടുക്കുന്ന ആദ്യ കളിക്കാരനും റൊണാള്‍ഡോയാണ്. ലോകത്തെ പ്രധാന ഫുട്ബോൾ ടൂർണമെന്റിൽ പറങ്കിപ്പടയ്ക്കു വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള താരവും മറ്റാരുമല്ല. രാജ്യത്തിനു വേണ്ടി റോണാൾഡോ 176 തവണ ജഴ്സിയണിഞ്ഞു.
106 ഗോളുകളും നേടി. റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളോടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ 106 ലെത്തിയ റൊണാൾഡോയുടെ മുന്നിൽ ഇറേനിയന്‍ സ്ട്രൈക്കര്‍ അലി ദേയിയുടെ റിക്കാർഡ് മാത്രമാണുള്ളത്.
വെറും മൂന്നു ഗോളുകളുടെ വ്യത്യാസം മാത്രം. 2004 ലാണ് റൊണാൾഡോ യൂറോകപ്പിൽ അരങ്ങേറുന്നത്. അന്നു പോർച്ചുഗലിനെ ഫൈനൽവരെയെത്തിക്കുന്നതിൽ റൊണാൾഡോ പ്രധാന പങ്കുവഹിച്ചു. ഫൈനലിൽ ഗ്രീസിനു മുന്നിൽ പരാജയപ്പെട്ടു.
2008 ൽ ക്വാർട്ടർ കടക്കാൻ പോർച്ചുഗലിനായില്ല. 2012ലാവട്ടെ സെമിയിൽ വീണു. 2016 ൽ റൊണാൾഡോയുടേതായിരുന്നു. എക്സ്ട്രാ ടൈമിൽ ഫ്രാൻസിനെ വീഴ്ത്തി റോണാൾഡോയും സംഘവും യൂറോകപ്പിൽ മുത്തമിട്ടു.
സൂപ്പർ താരനിരയുമായി മൈതാനത്തിറങ്ങിയ പോർച്ചുഗലിനെതിരേ ഹംഗറി ആദ്യപകുതിയിൽ കനത്ത പ്രതിരോധമാണ് ഉയർത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ ഇറങ്ങിയ പോർച്ചുഗൽ എങ്ങനെയും ഗോൾ നേടണമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ സമയം കടന്നു പോയിക്കൊണ്ടിരുന്നു. 80-ാം മിനിറ്റിൽ ഹംഗറി വല ചലിപ്പിച്ചു. പക്ഷേ, ദൗർഭാഗ്യവശാൽ അത് ഓഫ് സൈഡായി.
ഹംഗറിയുടെ ആക്രമണത്തിനു മൂർച്ചകൂടുന്നതു തിരിച്ചറിഞ്ഞ് പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് മൈതാനത്ത് ക്ഷീണിതനായി കാണപ്പെട്ട ഡിയാഗോ ജോട്ടയെ പിൻവലിച്ച് ആന്ദ്രെ സിൽവയെ ഇറക്കിയതോടെ പോർച്ചുഗലിന്റെ കളിയുടെ ഗതിവേഗം വർധിക്കുന്നതാണു കണ്ടത്.
81-ാം മിനിറ്റിലായിരുന്നു നിർണായകമായ ആ തീരുമാനം വന്നത്. പിന്നീട് തുടർച്ചയായി പോർച്ചുഗലിന്റെ ആക്രമണമായിരുന്നു. എല്ലാ മുന്നേറ്റങ്ങളുടെയും പിന്നിൽ സിൽവയുണ്ടായിരുന്നു. 84-ാം മിനിറ്റിൽ സിൽവ ഗോളിലേക്ക് തൊടുത്ത അതിശക്തമായ ഷോട്ട് പ്രതിരോധ നിരയിൽതട്ടി എത്തിയത് റാഫേൽ ഗ്വരേരോയുടെ കാലിൽ.
ഗ്വരേരോയ്ക്കു പിഴച്ചില്ല. പോർച്ചുഗൽ മുന്നിൽ. ഗോൾ വീണെങ്കിലും സിൽവയും ഗ്വരേരയും ആക്രമണം മതിയാക്കിയില്ല. തുടർച്ചയായി ഇരുവരും ഹംഗറിയുടെ ഗോൾപോസ്റ്റിലേക്ക് ഇരച്ചുകയറി. രണ്ടു മിനിറ്റിനകം ഒറ്റയ്ക്ക് ഗോൾപോസ്റ്റിലേക്ക് ഓടിക്കയറിയ സിൽവയെ തടഞ്ഞ വില്ലി ഓർബനു പിഴച്ചു.
പെനൽറ്റി സ്പോട്ടിലേക്കു റഫറി കൈചൂണ്ടി. പെനൽറ്റി എടുത്ത റൊണാൾഡോയ്ക്ക് പിഴച്ചില്ല. സൂപ്പർതാരത്തിന്റെ പത്താം ഗോൾ. മിഷേൽ പ്ലറ്റീനിയുടെ റിക്കാർഡ് പഴങ്കഥ. അതുവരെ ഹംഗറിയുടെ പ്രതിരോധ നിരയുടെ പൂട്ടിനുള്ളിലായിരുന്ന സൂപ്പർതാരം അതു ഭേദിച്ചു പുറത്തുവന്നു.
ഗാലറിയിൽനിന്ന് സിആർ 7 എന്ന ഒാമനപ്പേര് പതിയെ ഉയർന്നു. മത്സരം 90 മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിലേക്ക്. രണ്ടു മിനിറ്റ് കഴിഞ്ഞ് വീണ്ടും സിൽവയുടെ മുന്നേറ്റം കൂടെ റൊണാൾഡോയും. ബോക്സിന് തൊട്ടുമുന്പിൽ വച്ച് പന്ത് റൊണാൾഡോയുടെ കാലിലേക്ക്.
ആരാധകരുടെ ശബ്ദം ഉയർന്നു. ഫുട്ബോളിന്റെ സൗന്ദര്യം നിലനിർത്തിയ റൊണാൾഡോയുടെ ഫീൽഡ് ഗോൾ. ഗോൾകീപ്പറെ ഡ്രിബിൾചെയ്ത് കയറിയ റൊണാൾഡോയുടെ മെയ്വഴക്കവും പന്തടക്കവും ആരാധകരെ ആവേശത്തിലാഴ്ത്തി.
യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പത്തു പേർ
കളിക്കാർ മത്സരം ഗോൾ
റൊണാൾഡോ (പോർച്ചുഗൽ) 22 11
പ്ലറ്റീനി (ഫ്രാൻസ്) 5 9
ഷിയറർ (ഇംഗ്ലണ്ട്) 9 7
ഗ്രീസ്മാൻ (ഫ്രാൻസ്) 8 6
നിസ്റ്റൽറൂയി (നെതർലൻഡ്സ്) 8 6
ക്ലൈവർട്ട് (നെതർലൻഡ്സ്) 9 6
റൂണി (ഇംഗ്ലണ്ട്) 10 6
തിയറി ഓൻറി (ഫ്രാൻസ്) 11 6
ഇബ്രാഹിമോവിച്ച് (സ്വീഡൻ) 13 6
നൂനോ ഗോമസ് (പോർച്ചുഗൽ) 14 6