കണ്ണൂർ: ചിത്രലേഖയുടെ ചരിത്രം അറിയാത്തവരാണ് അവരെ മഹത്വവത്കരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. അയൽവാസികളായ പട്ടികജാതി കുടുംബങ്ങൾക്കെതിരേ കേസ് കൊടുത്ത വ്യക്തിയാണ് ചിത്രലേഖ. ഇത്തരമൊരു വ്യക്തിയേയാണ് പട്ടികജാതിയുടെ കണ്ണൂരിലെ പ്രതിനിധിയായി ചിത്രീകരിക്കാൻ ശ്രമം നടത്തുന്നതെന്നും ജയരാജൻ ആരോപിച്ചു.
പട്ടികജാതി-പട്ടികവർഗ അതിക്രമത്തിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി എൽഡിഎഫ് സർക്കാർ ആത്മാർഥമായി ശ്രമിക്കുന്പോൾ ഇതിനു കടകവിരുദ്ധമായ നിലപാടുകളാണ് വലതുപക്ഷ മാധ്യമങ്ങളും മറ്റു ചിലരും ശ്രമിക്കുന്നത്.
ചിത്രലേഖയുടെ പേരെടുത്തു പറഞ്ഞ് എൽഡിഎഫ് സർക്കാരിനെ അവമതിപ്പിക്കുണ്ടാകാനുള്ള ശ്രമം നടക്കുകയാണ്. ഇങ്ങനെ എല്ലാ കാലത്തും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രലേഖയുടെ പേര് ഉപയോഗിച്ച് സിപിഎം പട്ടികജാതി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
ബിജെപി ഭരണത്തിൽ പട്ടികജാതി-പട്ടികവർഗങ്ങൾക്കെതിരേയുള്ള അക്രമങ്ങളും കൊലപാതകങ്ങളും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിയുടെ മറവിൽ നടന്ന പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് സംഘപരിവാർ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമിച്ചത്.
ജനങ്ങളുടെ പ്രതിഷേധങ്ങളെ തോക്കു കൊണ്ട് തകർക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എംപി, എ.എൻ. ഷംസീർ എംഎൽഎ, എം. പ്രകാശൻ, എൻ. ചന്ദ്രൻ, ടി.ഐ. മധുസൂദനൻ, അരക്കൻ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.