ചങ്ങനാശേരി: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും പള്ളികളുടെ കുരിശടികളും തകർത്തതും വ്യാപാരസ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചതും ഉൾപ്പെടെ നാല്പതിലേറെ മോഷണക്കേസുകളിൽ ഉൾപ്പെട്ട, യുവതിയും ഭർത്താവും അടങ്ങുന്ന അഞ്ചംഗ സംഘത്തെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി വടക്കേക്കര സ്വദേശിയും ഇപ്പോൾ മാവേലിക്കരയിൽ താമസക്കാരനുമായ മള്ളാട്ടുതാഴെ അജയ്ജയകുമാർ(21), ഇയാളുടെ ഭാര്യ ശ്രീലക്ഷ്മി(19), ശ്രീലക്ഷ്മിയുടെ സഹോദരൻ മാവേലിക്കര പോനാകം കൊച്ചുപറന്പിൽ വീട്ടിൽ ശ്രീജിത്(18), മുളക്കാംതുരുത്തി സ്വദേശിയും മാടപ്പള്ളി വെങ്കോട്ടയിൽ താമസക്കാരനുമായ തെക്കേപ്പാറയ്ക്കൽ വിനീത്(23), അജയ് ജയകുമാറിന്റെ പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരാണ് അറസ്റ്റിലായത്.
ചങ്ങനാശേരിയിലും സമീപ പഞ്ചായത്തുകളിലും മോഷണം വർധിച്ചതിനേക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, സിഐ കെ.പി.വിനോദ്, എസ്ഐഷെമീർഖാർ, ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, അൻസാരി, മണികണ്ഠൻ, അരുണ്, പ്രദീപ് ലാൽ, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, കെ.ജി. അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വടക്കേക്കര സ്വദേശിയായ അജയ്ജയകുമാർ സ്വകാര്യബസിലെ ക്ലീനറായി ജോലിനോക്കി വരവേ ശ്രീലക്ഷ്മിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.
ചങ്ങനാശേരി ഏറ്റുമാനൂർ ഫേബ്രിക്സിലെ ജീവനക്കാരനായ വിനീതും അജയ്ജയകുമാറും സുഹൃത്തുക്കളായിരുന്നു. ഇവരുടെ കൂട്ടുകെട്ടാണ് സംഘത്തെ മോഷണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 21ന് ജീവനക്കാരനായ വിനീതിന്റെ സഹായത്തോടെ സംഘം ഏറ്റുമാനൂർ ഫേബ്രിക്സിന്റെ പിന്നിലെ വാതിലിന്റെ പൂട്ടുപൊളിച്ച് മേശയിൽ സൂക്ഷിച്ചിരുന്ന 17000രൂപ, മൊബൈൽ ഫോണ്, തുണിത്തരങ്ങൾ, ഡിജിറ്റൽ കാമറ എന്നിവ മോഷ്ടിച്ചിരുന്നു. കടയുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണത്തിനെത്തിയപ്പോഴും വിനീത് സംശയം തോന്നാതെ സ്ഥാപനത്തിൽ ജോലിചെയ്തുകൊണ്ടിരുന്നു.
ചങ്ങനാശേരി അരമനപ്പടിയിലുള്ള കുരിശടിയിൽ നിന്നും നാലായിരം രൂപ, വടക്കേക്കര ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ നിന്നും അയ്യായിരം രൂപ, മതുമൂല വേഴക്കാട്ട് ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, കാക്കാംതോട് കുരിശടി, മനക്കച്ചിറ കുരിശടി, പെരുന്തുരുത്തി എസ്എൻഡിപി ക്ഷേത്രത്തിലെ നിലവിളക്ക്, ഓട്ടുപാത്രങ്ങൾ, ഇടിഞ്ഞില്ലം ക്ഷേത്രത്തിൽ നിന്ന് അഞ്ഞൂറ് രൂപ, തോട്ടഭാഗം കുരിശടിയിൽ നിന്ന് ആറായിരം രൂപ, നൂറനാട് മുത്താരമ്മൻ ക്ഷേത്രം, കൊട്ടിയ, അടൂർ,തട്ടാരന്പലം എന്നിവിടങ്ങളിൽ കാണിക്കവഞ്ചി തകർത്തു മോഷണം എന്നിവ നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
ചങ്ങനാശേരി നഗരസഭാ കാര്യാലയത്തിനു മുന്പിലുള്ള ലളിതാ ജൂവലറിയിലും പ്രതികൾ പൂട്ടുപൊളിച്ച് മോഷണശ്രമം നടത്തിയെങ്കിലും വിഫലമായി. പെരുന്നയിലെ ഒരു കംപ്യൂട്ടർ സെന്ററിലും ഇവർ മോഷണം നടത്തി. സൈബർ സെല്ലിന്റെ സഹകരണവും വേഴക്കാട്ട് ക്ഷേത്രത്തിലെ സിസി ടിവിയിലെ മോഷണ ദൃശ്യങ്ങളുമാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
സംഘത്തിന്റെ യാത്ര വാടകയ്ക്കെടുത്ത ആഡംബര കാറുകളിൽ
ചങ്ങനാശേരി: വാടകയ്ക്കെടുക്കുന്ന വിലപിടിപ്പുള്ള കാറുകളിലാണ് ചങ്ങനാശേരിയിൽ പിടിയിലായ സംഘം മോഷണത്തിനായി സഞ്ചരിച്ചിരുന്നത്. മോഷണത്തിനായി കാണിക്കവഞ്ചികളും നേർച്ചപ്പെട്ടികളും സംഘം മുൻകൂട്ടികണ്ടുവച്ച ശേഷം പൊളിച്ച് മോഷണം നടത്തുകയാണ് പതിവ്.
മോഷണം നടത്താൻ ബുദ്ധിമുട്ടുള്ള ഭണ്ഡാരങ്ങൾ ചുവടെ ഇളക്കി കാറിൽ കയറ്റി മാവേലിക്കരയിലുള്ള വീട്ടിലെത്തിച്ച് കുത്തിപ്പൊളിച്ച് പണം എടുക്കും. മോഷ്ടിക്കാൻ ഉന്നംവയ്ക്കുന്ന കാണിക്കവഞ്ചികൾ ഉറപ്പായും പൊളിച്ച് മോഷ്ടിക്കുന്നതും ഈ യുവസംഘത്തിന്റെ ഹരമായിരുന്നു.
മോഷണസ്ഥലത്ത് ശ്രലക്ഷ്മിയാണ് കാവൽനില്ക്കുന്നത്. മോഷണശ്രമം ആരുടെയെങ്കിലും ദൃഷ്ടിയിൽപ്പെട്ടെന്ന് മനസിലായാൽ ശ്രീലക്ഷ്മി വിസിൽ മുഴക്കി വിവരം അറിയിക്കും. ഇതോടെ സംഘം രക്ഷപ്പെടും.
മോഷ്ടിച്ച് ലഭിക്കുന്ന പണംകൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് സംഘം ചെയ്തിരുന്നത്. മോഷണത്തിനുശേഷം കാറിൽ കുമളിയിലും മാർത്താണ്ഡത്തുമെത്തി താമസിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങാറുള്ളത്. സംഘം വാടകക്കെടുത്ത് സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ്, എർട്ടിഗ കാറുകളും കൊല്ലത്തുനിന്നും മോഷ്ടിച്ച ഒരു പൾസർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാവേലിക്കരയിലെ ഇവരുടെ വീട്ടിൽനിന്ന് വലിയ കാണിക്കവഞ്ചികൾ, നേർച്ചപ്പെട്ടികൾ, കന്പ്യൂട്ടറുകൾ, വാനിറ്റി ബാഗുകൾ, ഡിവിഡികൾ, ചില്ലറനാണയങ്ങൾ, നിലവിളക്കുകൾ, മൊബൈൽഫോണുകൾ, ഗ്യാസ് കട്ടറുകൾ, കന്പിപ്പാര, ചുറ്റിക, മുഖംമൂടികൾ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവർ മോഷ്ടാക്കളാണെന്ന വിവരം മാവേലിക്കരയിൽ ഇവർ താമസിച്ചിരുന്ന വീടിനടുത്തുള്ളവർ പോലും മനസിലാക്കിയിരുന്നില്ല.പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യും.