ചിങ്ങവനം: കടുത്തചൂടിൽ കുളങ്ങളും കിണറുകളും വറ്റിവരണ്ട് കുടിവെള്ള ക്ഷാമം രൂക്ഷമായി. വേനലിന്റെ കാഠിന്യം മൂലം കൃഷികൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയതോടെ കർഷകരും ദുരിതത്തിലായി. കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളിലെ കിണറുകൾ പലതും വറ്റി.
കുഴൽ കിണറുകളുകളിലും വെള്ളം ഇല്ലാതായതോടെ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവും നാട്ടുകാർക്ക് കിട്ടാക്കനിയാകുകയാണ്. പലയിടത്തും പൈപ്പ് പൊട്ടി വെള്ളം മാസങ്ങളായി റോഡിലൂടെ ഒഴുകുകയാണ്.
പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ നടപ്പിലാക്കിയ ജലനിധി പദ്ധതികൾ പരാജയപ്പെട്ട് നാട്ടുകാർക്ക് ഇരുട്ടടിയായി. മിക്ക പദ്ധതികളിലെയും ജലം മലിനമാണ്. വേനൽ ആരംഭിച്ചതോടു കൂടി നിറം മാറി ഉപയോഗ യോഗ്യമല്ലാത്ത വെള്ളമാണ് ലഭിക്കുന്നത്. പല വാർഡുകളിലും ലഭിക്കുന്ന വെള്ളത്തിന് അസഹ്യമായ ദുർഗന്ധവുമാണ്. നേരത്തെ വെള്ളം ശുദ്ധമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
കഴിഞ്ഞ വർഷം വേനലിൽ വരൾച്ചാ ബാധിത പ്രദേശമായി ജില്ലയെ പ്രഖ്യാപിച്ചതിനെ തുടർന്ന് പലയിടങ്ങളിലും നിരവധി കിയോസ്കറുകൾ സ്ഥാപിച്ചിരുന്നു. ലക്ഷങ്ങൾ പാഴാക്കിയതല്ലാതെ ഒന്ന് പോലും ഉപയോഗിക്കാനായില്ല. ഇതിൽനിന്നും എല്ലായിടത്തും പൈപ്പ് കണക്ഷനുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
കർഷകർ ഈ വർഷം കനത്ത തിരിച്ചടി നേരിടുമെന്ന് കൃഷിക്കാർ തന്നെ പറയുന്നു. മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന കപ്പ, വാഴ തുടങ്ങിയവ പലയിടത്തും കരിഞ്ഞുണങ്ങുകയാണ്. തരിശു പാടങ്ങൾ പാട്ടത്തിനെടുത്ത നെൽ കർഷകർക്കും തോടുകൾ പലയിടത്തും വറ്റി വരണ്ടത് വിനയായി. പല പാടങ്ങളിലേക്കും തോട്ടിൽനിന്നും വെള്ളം കയറ്റാനാകാതെ വന്നതോടെ കൃഷി നാശത്തിന്റെ വക്കിലാണ്.