കായംകുളം: രാത്രിയിൽ ശബരിമലയിലേക്ക് വാഹനങ്ങളിൽ പോകുന്ന തീർഥാടകർക്കും ഡ്രൈവർമാർക്കും ക്ഷീണമകറ്റാൻ ചുക്കുകാപ്പിയുമായി ജനമൈത്രി പോലീസ്. ആലപ്പുഴ ജില്ലയിലെ ചേർത്തല, രാമങ്കരി, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് വാഹനയാത്രക്കാരായ ശബരിമല തീർഥാടകർക്കും വാഹന ഡ്രൈവർമാർക്കും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ ഇപ്പോൾ സൗജന്യമായി ചുക്ക് കാപ്പി നൽകുന്നത്.
കായംകുളം കൃഷ്ണപുരം മുക്കടയിൽ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രൻ തീർഥാടകർക്ക് ചുക്ക് കാപ്പി വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലകാലത്ത് അപകട രഹിത ശബരിമല തീർഥാടന യാത്ര എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, ശബരിമല തീർഥാടകരുമായി ദീർഘദൂരം വാഹനമോടിച്ച് ക്ഷീണിതരായി വരുന്ന ഡ്രൈവർമാർക്ക് വിശ്രമിക്കുന്നതിനും ക്ഷീണമകറ്റുന്നതിനും ഇത് പ്രയോജനകരമാണന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കായംകുളം ഡിവൈഎസ് പി അനിൽദാസ്, സി ഐ കെ സദൻ,എസ് ഐ രാജൻബാബുവാർഡ് കൗണ്‍സിലർ അനിൽകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.