കൊല്ലം: ട്രാക്ക് (ട്രോമാകെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ചുക്കുകാപ്പി വിതരണം ചിന്നക്കട പോസ്റ്റ് ഓഫീസിനു സമീപമുള്ള ബസ് ബേയിൽ ആരംഭിച്ചു.
കൊല്ലം ആർടിഓ വി.സജിത് ഉദ്ഘാടനം നിർവഹിച്ചു. ഓരോ ചുക്കുകാപ്പിയും മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ ഉറക്കം എപ്പോൾ വേണമെങ്കിലും വരാം. അത് ചിലപ്പോൾ നമ്മെ കൊണ്ടുപോകുന്നത് മരണത്തിലേക്കായിരിക്കാം.
ചുക്ക് കാപ്പി ഓരോ ഡ്രൈവറിനും നൽകുമ്പോൾ ഉറക്കത്തിൽ നിന്നുള്ള വിടുതലും അത് വഴി മരണത്തിൽ നിന്നുമുള്ള സംരക്ഷണവുമാണെന്ന് അദ്ദേഹം പറഞ്ഞു. തൂയം ഇടവക വികാരി ഫാ. ജോളി എബ്രഹാം, റോട്ടറി 3211 ഡിസ്ട്രിക്ട് ചെയർമാൻ ഗോപൻ ലോജിക്, ട്രാക്ക് സെക്രട്ടറി ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സത്യൻ പി എ, ജോർജ് എഫ് സേവ്യർ വലിയവീട്, ജോയിന്റ് സെക്രട്ടറിമാരായ റോണാ റിബെയ്റോ, സന്തോഷ് തങ്കച്ചൻ, ട്രഷറർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ , എസ്ഐ. കരിം, റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോ പ്രസിഡന്റ് ബൈജു മാത്യു എന്നിവർ പ്രസംഗിച്ചു.
റോട്ടറി കൊല്ലം മെട്രോയുടെയും ചുങ്കത്ത് ജുവല്ലറിയുടെയും സഹകരണത്തോടെയാണ് ട്രാക്ക് ചുക്കുകാപ്പി വിതരണം നടത്തുന്നത്.ആറു ടീമായി തിരിഞ്ഞു ഓരോ ദിവസവും ചുക്കുകാപ്പി നൽകും. ചുക്കുകാപ്പിയോടൊപ്പം ബോധവൽക്കരണ കാർഡുകളും ഉപദേശങ്ങളും നൽകുന്നുണ്ട്. എല്ലാ ദിവസവും മുന്നൂറോളം പേർക്ക് രാത്രി പന്ത്രണ്ട് മുതൽ രാവിലെ നാല് വരെയോ ചുക്കുകാപ്പി തീരുന്നതു വരെയോ വിതരണം ചെയ്യും.