ചേലൂർ: ചരിത്രത്തിന്റെ ഗതകാല സ്മരണകളുണർത്തുന്ന പടിയൂരിന്റെ മുഖമുദ്രയായ രാജഭരണകാലത്തു സ്ഥാപിച്ച ചുമടുതാങ്ങി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. അഞ്ചടി ഉയരത്തിൽ ആറടി അകലത്തിൽ നാട്ടിനിർത്തിയിരിക്കുന്ന രണ്ടു കരിങ്കൽ തൂണുകൾക്കു മുകളിൽ നെടുകെ വച്ചിരിക്കുന്ന ഒരു കരിങ്കൽപ്പാളി. പഴയകാല പാതയോരങ്ങളിൽ ഇവ പതിവുകാഴ്ചയായിരുന്നുവെങ്കിലും കാലത്തിന്റെ പ്രയാണത്തിൽ ഇതു കാഴ്ചവട്ടത്തിനു പുറത്തായി.
പക്ഷേ ഇരിങ്ങാലക്കുട-മൂന്നുപീടിക റോഡിൽ എടതിരിഞ്ഞി പോസ്റ്റാഫീസ് ജംഗ്ഷനിൽനിന്നും കുറച്ചു പടിഞ്ഞാട്ടുമാറി കാലം ചുമടിറക്കി വിശ്രമിച്ച ചുമടുതാങ്ങിയൊരെണ്ണം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. “തൃപ്പൂണിത്തുറ കൊട്ടക്കകത്ത് തീപ്പെട്ട വലിയതന്പുരാൻ തിരുമനസ് കുഞ്ഞിക്കാവ് തന്പുരാന്റെ കല്പന പ്രകാരം’. പടിയൂരിന്റെ മുഖമുദ്രയാണിത്.
രാജഭരണകാലത്തു സ്ഥാപിച്ചുവെന്നല്ലാതെ ചുമടുതാങ്ങിയുടെ പ്രായം കൃത്യമായി പറയാൻ നിവൃത്തിയില്ലെന്നു പഴമക്കാർ പറയുന്നു. ഓർമയുള്ള കാലം മുതൽ ചുമടുതാങ്ങി ഇങ്ങനെത്തന്നെയുണ്ടായിരുന്നു എന്നാണ് നാട്ടിലെ പഴമക്കാരുടെ അഭിപ്രായം. ദൂരദേശങ്ങളിൽ നിന്നുപോലും ഇരിങ്ങാലക്കുട ചന്തയിലേക്കു തലച്ചുമടുമായി എത്തിയിരുന്ന കച്ചവടക്കാരുടെ വിശ്രമസ്ഥലമായിരുന്നു ഇവിടം.
ആൾപ്പൊക്കമുള്ള പാറയിൽ പരസഹായം കൂടാതെ ചുമടിറക്കുവാനും തിരികെ തലയിലേറ്റാനും കഴിയും. ചുമടുതാങ്ങിക്കു പടിഞ്ഞാറുനീങ്ങി മരോട്ടിക്കൽ ചന്തയുണ്ടായിരുന്നു. ഇവിടെ രണ്ടണയ്ക്ക് ഒരു ചായ കിട്ടും. രണ്ടണകൂടി മുടക്കിയാൽ ഒരു കുറ്റി പുട്ടും. ചുമടിറക്കി ഒരു ചായയും കുടിച്ചു പറ്റിയാലൊരു കുറ്റി പുട്ടും കഴിച്ചു നാലുംകൂട്ടി വിസ്തരിച്ചൊന്നു മുറുക്കിയിട്ടാണു പിന്നീടുള്ള യാത്ര.
ചെമ്മണ്പാതയായിരുന്നു അന്ന്. കാളവണ്ടി കടന്നുപോയാൽ പൊടി പാറും. കാലം മാറി. പാതയോരത്തെ തണൽ മരങ്ങൾ കാണാതായി. ചെമ്മണ്പാതയ്ക്കു വീതി കൂടി. കാളവണ്ടി കുലുങ്ങിയോടിയ നിരത്തിൽ മോട്ടോർ വാഹനങ്ങൾ മുരണ്ടുപാഞ്ഞു. ചെമ്മണ്പാത ടാറിട്ടു മുഖം മിനുക്കി. ചുമടുതാങ്ങിയിൽ പലവട്ടം പായൽ മൂടി. ഋതുക്കൾ കരിങ്കൽപ്പാളിയിൽ പല വർണം ചാലിച്ചു ചരിത്രമെഴുതി.
എന്നിട്ടും നിലംപൊത്താതെ ചുമടുതാങ്ങി നൂറ്റാണ്ടുകളെ ബന്ധിപ്പിക്കുന്ന പാലംപോലെ നാടിന്റെ മുഖശ്രീയായി നിലകൊള്ളുന്നു. പൗരാണികത്തനിമയുള്ള ചുമടുതാങ്ങി അർഹിക്കുന്ന ഗൗരവത്തോടെ സംരക്ഷിക്കണമെന്നാണു നാടിന്റെ ആവശ്യം. കാരണം പടിയൂരിന് ഇതു പഴമയുടെ പൂമുഖത്തേക്കുള്ള കൈചൂണ്ടിയാണ്. കാലം കാത്തുവച്ച കൈചൂണ്ടി.