കോട്ടയം: രാജഭരണ കാലത്തെ അവശേഷിക്കുന്ന ഓർമകളിൽ ഒന്നാണ് കെകെ റോഡിൽ കഞ്ഞിക്കുഴിക്കും കളത്തിൽപ്പടിക്കും ഇടയ്ക്ക് തങ്കപ്പൻമാടം എന്ന ജംഗ്ഷനിലുള്ള ചുമടുതാങ്ങി. പണ്ട് വാഹന സൗകര്യം കുറവായിരുന്ന കാലത്ത് ചുമടുമായി പോകുന്നവർക്ക് അത് ഇറക്കി വച്ച് ആശ്വസിക്കാൻ സ്ഥാപിച്ചതാണ് ചുമടു താങ്ങികൾ.
പ്രധാന റോഡുകളിൽ നാലും അഞ്ചും കിലോമീറ്ററിനുള്ളിൽ ഇത്തരം ചുമടു താങ്ങികൾ സ്ഥാപിച്ചിരുന്നു. അന്ന് ആയിരങ്ങൾക്ക് ആശ്വാസം പകർന്ന ചുമടുതാങ്ങികൾ ഇന്ന് ഒരു ചുമടും താങ്ങുന്നില്ല. ഇതോടെ പലതും നാമാവശേഷമായി. പലയിടത്തെയും ചുമടുതാങ്ങികൾ അപ്രത്യക്ഷമായി.
ഇവിടെ കളത്തിൽപ്പടി മൈത്രി റസിഡന്റ്സ് അസോസിയേഷൻ ചുമടു താങ്ങി പെയിന്റടിച്ച് സംരക്ഷിക്കുന്നു.1729-1758 കാലത്ത് മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്താണ് ഇവിടെ ചുമടുതാങ്ങി സ്ഥാപിച്ചതെന്നു കരുതുന്നു. രാജഭരണ കാലത്ത് വഴി യാത്രക്കാർക്ക് തണലേകാൻ തണൽവൃക്ഷം, ദാഹമകറ്റാൻ കിണർ എന്നിവ സ്ഥാപിച്ചിരുന്നു. ഇതോടൊപ്പമാണ് വഴി നീളെ ചുമടുതാങ്ങിയും സ്ഥാപിച്ചത്.