കുളത്തുപ്പുഴ: ആശുപത്രിയിലായ പിതാവിനെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയ വാഹനം പുനലൂര്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പിതാവിനെ മകന് ചുമന്ന് വാഹനത്തില്‍ എത്തിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്ഷക്കെതിരെ രോഗിയുടെ കുടുംബവും ബന്ധുക്കളും രംഗത്ത്.
കഴിഞ്ഞ ദിവസമാണ് ഡോ. ഷാഹിര്‍ഷ 89 കാരനായ രോഗി ആശുപത്രിയില്‍ പരസഹായമില്ലാതെ നടന്നാണ് കാര്യങ്ങള്‍ നടത്തിവന്നതെന്നും ഇയാള്‍ക്ക് കാര്യമായ അസുഖങ്ങള്‍ ഒന്നും തന്നെയില്ല എന്നും പറഞ്ഞത്. എന്നാല്‍ ഡോ. ഷാഹിര്‍ഷയുടെ വാദം അപ്പാടെ തള്ളുകയാണ് കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ പെരുമ്പള്ളികുന്നില് ജോര്‍ജും കുടുംബവും.
ഷാഹിര്‍ഷയുടെ വാദം കളവാണ്. ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയാകാം ഡോക്ടര്‍ ഇത്തരത്തില്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് സ്ട്രോക്ക് വന്ന ജോര്‍ജിന് ഒരു വശത്ത് ചലനശേഷി കുറവാണു. ഒപ്പം പ്രമേഹം, കൊളസ്ട്രോള്‍, മൂത്രാശയ രോഗം, കടുത്ത ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉള്ളതിനാലാണ് അഞ്ചലിലെ ഒരു സ്വകാര്യാശുപത്രിയിലെ ചികിത്സ ഉപേക്ഷിച്ച് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയത്.
12 ന് എത്തുകയും 15 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്തെല്ലാം താന്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും ഓന്നോ രണ്ടോ ആളുകളുടെ സായാഹം ഇല്ലാതെ ഭര്‍ത്താവിന് ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്നും ജോര്‍ജിന്റെ ഭാര്യ ലീലാമ്മ പറയുന്നു.
ഇതെല്ലം മറച്ചുവെച്ച്കൊണ്ട് വ്യാജ പ്രചരണം നടത്തിയ ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
അതേസമയം പിതാവിനെ ചുമന്ന സംഭവത്തില്‍ തന്നെയും കുടുംബത്തെയും സോഷ്യല്‍ മീഡിയകള്‍ വഴി അപമാനിക്കുന്നതായും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും മകൻ റോയ്മോന് പറഞ്ഞു. ഇവര്‍ക്കും പുനലൂര്‍ സിഐക്കുമെതിരെയുമുള്ള നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റോയ്മോന് പറഞ്ഞു.