സ്വന്തം ലേഖകൻ
തൃശൂർ: ചുമട്ടുതൊഴിലാളി കൂലിവർധനയെച്ചൊല്ലി തൃശൂർ നഗരത്തിലെ മാർക്കറ്റുകളിൽ തർക്കം. ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെടുന്ന 25 ശതമാനം കൂലി വർധന നൽകാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. തൊഴിലാളി യൂണിയനുകളുടെ നേതാക്കളും വ്യാപാരി സംഘടനാ നേതാക്കളും തമ്മിൽ നടത്തിയ നാലാം തവണയും പരാജയപ്പെട്ടു.
അഞ്ചു ശതമാനം കൂലി വർധിപ്പിക്കാമെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. തീരുമാനമെടുക്കാൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തീരുമാനമാകുന്നതിനു മുന്പേ, ജയ്ഹിന്ദ് മാർക്കറ്റിൽ ചുമട്ടുതൊഴിലാളികൾ 25 ശതമാനം വർധിപ്പിച്ച നിരക്കിൽ നിർബന്ധിത പിരിവ് ആരംഭിച്ചെന്നു പരാതി ഉയർന്നു. ഉടമകൾതന്നെ ഇറക്കിവച്ച ചരക്കിനും നിർബന്ധിത പിരിവ് നടത്തുന്നുണ്ടെന്നാണു പരാതി.
കൂലിത്തർക്കം ചുമട്ടുതൊഴിലാളികളുടെ പണിമുടക്കിലേക്കും വ്യാപാരികളുടെ കടയടപ്പു സമരത്തിലേക്കും വളരുമെന്ന ആശങ്കയുമുണ്ട്. കറൻസി നിരോധനവും ജിഎസ്ടിയും മൂലം വ്യാപാര രംഗത്തു പ്രതിസന്ധി സൃഷ്ടിച്ചിരിക്കേ, ഭീമമായ കൂലി വർധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു വ്യാപാരി സംഘടനകൾ. മാത്രമല്ല, തൃശൂരിലെ മാർക്കറ്റുകളിൽ നിലവിലുള്ള നിയമവിരുദ്ധമായ നോക്കുകൂലിയായ ’കാപ്പിക്കാശ്’ പിരിവ് നിർത്തലാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കാപ്പിക്കാശ് എന്ന പേരിലുള്ള പിരിവ് അവകാശമാണെന്നാണ് തൊഴിലാളികളുടെ നിലപാട്. തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചകളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ട്രഷറർ ജോർജ് കുറ്റിച്ചാക്കു, ചേംബർ ഓഫ് കോമേഴ്സിനുവേണ്ടി സുബ്രഹ്മണ്യൻ, ആൻഡ്രൂസ് മഞ്ഞില, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് എ.കെ. ഡേവിസ്, സെക്രട്ടറി എ.ജെ. ജോർജ് എന്നിവർ
വൻതോതിലുള്ള കൂലി വർധന ആവശ്യപ്പെട്ട് മാർക്കറ്റിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമത്തിൽനിന്ന് പി·ാറണമെന്ന് തൃശൂർ ജില്ലാ മർച്ചന്റ്സ് അസോസിയേഷൻ തൊഴിലാളി യൂണിയനുകളോട് ആവശ്യപ്പെട്ടു. കറൻസി നിരോധനവും ജിഎസ്ടിയും മൂലം വ്യാപാര സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നു മർച്ചന്റ്സ് അസോസിയേഷൻ യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ പ്രസിഡന്റ് ഡോ. എം. ജയപ്രകാശ് അധ്യക്ഷനായി. നേതാക്കളായ കെ.എസ്. ഫ്രാൻസിസ്, എ.കെ. ഡേവിസ്, എം.വി. രാജൻ, കെ.ജെ. പോൾ. ടി.എൽ റപ്പായി എന്നിവർ പ്രസംഗിച്ചു.