സ്വന്തം ലേഖകൻ
തൃശൂർ: മൊത്തവിതരണ സ്ഥാപനങ്ങളുടെ വിതരണ വാഹനങ്ങളിൽനിന്ന് ചരക്ക് ഇറക്കാനുള്ള അവകാശം ചുമട്ടുതൊഴിലാളികൾക്കല്ല, സ്ഥാപനത്തിലെ തൊഴിലാളികൾക്കാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
ഓരോ പ്രദേശത്തേയും വ്യാപാര സ്ഥാപനങ്ങളിലേക്കു മൊത്തവ്യാപാര സ്ഥാപനങ്ങളിൽനിന്നു വാഹനങ്ങളിൽ എത്തിക്കുന്ന ചരക്ക് ഇറക്കാൻ ചുമട്ടുതൊഴിലാളികൾക്കാണ് അവകാശമെന്നും, വാഹനങ്ങളിലെത്തുന്ന ജീവനക്കാർക്ക് അവകാശമില്ലെന്നുമുള്ള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ നിലപാടു തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
വിവിധ സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തോളം ജീവനക്കാരാണ് വാഹനങ്ങളിൽ ചരക്ക് എത്തിക്കാൻ ജോലി ചെയ്യുന്നത്.2016 ൽ കൊടുങ്ങല്ലൂരിൽ ജീവനക്കാരെക്കൊണ്ട് ചരക്ക് ഇറക്കാൻ അനുവദിക്കില്ലെന്നും തങ്ങളിറക്കുമെന്നും ചുമട്ടുതൊഴിലാളി യൂണിയനുകൾ ശാഠ്യം പിടിച്ച സംഭവമാണ് സുപ്രീം കോടതിവരെയെത്തിയത്. വിഷയം വിതരണക്കാരുടെ സംഘടനയായ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഏറ്റെടുത്തു കോടതിയെ സമീപിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ മേഖലാ പ്രസിഡന്റ് ടി.കെ. സിദ്ധാർഥൻ സംസ്ഥാന സർക്കാർ, തൃശൂർ ജില്ലാ ലേബർ ഓഫീസർ, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്, തൊഴിലാളി യൂണിയനുകൾ എന്നിവർക്കെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ചുമട്ടുതൊഴിലാളികൾക്ക് അവകാശമില്ലെന്നു 2017 ൽ വിധി പ്രസ്താവിച്ചതായിരുന്നു. ഇതിനെതിരേ സംസ്ഥാന സർക്കാരും ചുമട്ടുതൊഴിലാളി ക്ഷേമബോർഡും തൊഴിലാളി യൂണിയനുകളും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഈ കേസിലാണ് വ്യാപാരികൾക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്.
വിധി സംസ്ഥാന സർക്കാർ നടപ്പാക്കണമെന്നു ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അംഗീകൃത വിതരണ വ്യാപാരികളെ തിരിച്ചറിയാൻ വിതരണ വാഹനത്തിൽ അസോസിയേഷന്റെ മുദ്രയുള്ള സ്റ്റിക്കർ പതിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വി. അയ്യപ്പൻ നായർ അറിയിച്ചു.