പയ്യന്നൂര്‍: കൂലി വര്‍ധന ആവശ്യപ്പെട്ട് പയ്യന്നൂര്‍ നഗരസഭയിലെയും രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെയും ചുമട്ടു തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി. ഇതുസംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. ഉച്ചയോടെ പെരുമ്പ ക്ഷേമനിധി ഓഫീസില്‍ ക്ഷേമനിധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കുന്നുണ്ട്.
ഏപ്രില്‍ ഒന്നു മുതല്‍ 40 ശതമാനം കൂലി വര്‍ധന അനുവദിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയനുകള്‍ വ്യാപാരി സമിതികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതു നടപ്പാക്കാനാകില്ലെന്ന് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയതോടെ അസി.ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ മൂന്നുവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
21 ശതമാനം കൂലി വര്‍ധന അനുവദിക്കാനുള്ള ലേബര്‍ ഓഫീസറുടെ നിര്‍ദേശം തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചെങ്കിലും വ്യാപാരി സംഘടനകള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ഒടുവിലത്തെ ചര്‍ച്ചയും പരാജയപ്പെട്ടത്. അതേസമയം 21 ശതമാനം കൂലി വര്‍ധന അനുവദിക്കാന്‍ വ്യാപാരി വ്യവസായി സമിതി തയാറായതിനെ തുടര്‍ന്ന് സമിതി അംഗങ്ങളായ വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ ചുമട്ടു തൊഴിലാളികള്‍ ജോലിക്ക് എത്തിയിട്ടുണ്ട്.
എന്നാല്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒത്തുതീര്‍പ്പിന് രാവിലെ വരെ തയ്യാറായിട്ടില്ല. നോട്ടുനിരോധനവും ജിഎസ്ടിയും കാരണം വ്യാപാര മേഖല ഗുരുതരാവസ്ഥയിലാണെന്നും ഈയവസ്ഥയില്‍ ഭീമമായ കൂലിവര്‍ധനവ് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചേംബര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.വ്യാപാരമാന്ദ്യവും വിലക്കയറ്റവും കാരണം പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ അനവസരത്തിലുള്ള സമരമാണിതെന്നും അവര്‍ പറഞ്ഞു.