കോട്ടയം: തൊഴിലും കൂലിയും സംരക്ഷിക്കാനും നോക്കുകൂലിയുടെ പേരിൽ മോശക്കാരായി ചിത്രീകരിക്കുന്നതിനുമെതിരേ നാടിന്റെ ശ്രദ്ധ ക്ഷണിച്ച് ചുമട്ടുതൊഴിലാളികളുടെ ആത്മാഭിമാനസദസ്.
നാടിന്റെ സംരക്ഷകരും കാവൽഭടന്മാരുമായ തങ്ങൾ മതേതരത്വം കാത്തുസൂക്ഷിക്കുവാനും വർഗീയവാദികളുടെ അഴിഞ്ഞാട്ടം ഇല്ലാതാക്കുവാനും പോരാടുന്നവരാണെന്നും പ്രഖ്യാപിച്ച് തൊഴിലാളികൾ ആത്മാഭിമാന സംരക്ഷണപ്രതിജ്ഞയെടുത്തു.
ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങില്ലെന്നും നോക്കുകൂലിക്ക് എതിരാണെന്നും ചെയ്യാത്ത കുറ്റത്തിന് തങ്ങളെയാകെ പിടി ച്ചുപറിക്കാരായി ചിത്രീകരിക്കുന്നത് ആത്മാഭിമാനത്തെ വൃണപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
ചുമട്ടു തൊഴിലാളി യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചവരെ പണിമുടക്കിയാണ് തൊഴിലാളികൾ അണിനിരന്നത്.തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ സംഘടിപ്പിച്ച ആത്മാഭിമാന സദസിൽ ഓരോ യൂണിയനുകളും അവരുടെ യൂണിഫോം അണിഞ്ഞ് ചെറുപ്രകടനമായി പങ്കെടുത്തു.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. സംയുക്ത സമിതി കണ്‍വീനർ എം എച്ച് സലീം പ്രതിജ്ഞചൊല്ലിക്കൊടുത്തു.
സിഐടിയു ജില്ലാപ്രസിഡന്റ് റജി സഖറിയ, ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടി യു ) ജില്ലാ പ്രസിഡന്റ് വി. പി. ഇസ്മയിൽ, എഐടിയുസി സംസ്ഥാന സെക്രട്ടറി വി. ബി. ബിനു, ഐഎൻടിയുസി വർക്കിംഗ് കമ്മിറ്റിയംഗം പി. പി. തോമസ്, എസ്ടിയു ജില്ലാ സെക്രട്ടറി ഹരീദ് റഹ്മാൻ, കെടിയുസി എം ജില്ലാ സെക്രട്ടറി സന്തോഷ് ജോസഫ് , ടോണി തോമസ്, വി. കെ. സുരേഷ്കുമാർ, പി. എസ്്. സുരേന്ദ്രൻ, പി. എൻ. വേണുഗോപാൽ, പി. എം. രാജു, കെ. പി. രാജു, ചുമട്ടുതൊഴിലാളി ഫെഡറേഷൻ (എഐടിയു സി ) ജില്ലാസെക്രട്ടറി എം. ജി. ശേഖരൻ, ടി. സി. റോയി എന്നിവർ പ്രസംഗിച്ചു.