വൈപ്പിൻ : രാത്രിയിൽ വീട്ടുവളപ്പിൽ കയറി ബലമായി ചുംബിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഞാറക്കലെ ടൂറിസ്റ്റ് ടെന്പോ ഡ്രൈവറായ ഞാറക്കൽ മൂരിപ്പാടത്ത് എം. ജി. രാകേഷ് (30) ആണ് റിമാൻഡിലായത്.
സംഭവത്തിനുശേഷം 30000 രൂപ മുടക്കി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വളരെ രഹസ്യമായി നാക്കിന്റെ ശസ്ത്രക്രീയയ്ക്കായി പ്രവേശിച്ചിരുന്ന പ്രതിയെ ശസ്ത്രക്രിയ നടത്തി ഡിസ്ചാർജ്ജ് ചെയ്തതിനു ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരം ഞാറക്കൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ശസ്ത്രക്രീയയ്ക്കുശേഷം പ്രതിയുടെ സംസാരത്തിൽ വ്യക്തതക്കുറവുണ്ട്. പരാതിയോടൊപ്പം വീട്ടമ്മ പോലീസിനു നൽകിയ രണ്ട് സെന്റിമീറ്റർ നീളമുള്ള നാക്കിന്റെ കഷണം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായി ഞാറക്കൽ എസ് ഐ ആർ രഗീഷ് കുമാർ അറിയിച്ചു. നാക്ക് പ്രതിയുടേതാണെന്ന് തെളിയിക്കാനാണിത്.
27നു രാത്രിയിലായിരുന്നു സംഭവം. വീട്ടുവളപ്പിൽ കയറിയ പ്രതി പുറത്ത് ശുചിമുറിയുടെ സമീപം നിന്നിരുന്ന നാൽപ്പത്തിമൂന്നുകാരിയായ വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. വെളിച്ചമില്ലാതിരുന്നതിനാൽ പ്രതി ആരെന്ന് വീട്ടമ്മക്ക് വ്യക്തമായിരുന്നില്ല. പോലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അവിവാഹിതനാണ്. അന്വേഷണ സംഘത്തിൽ എഎസ്ഐ ജോണ്സണ്, എസ്സിപിഒ മാരായ സുധി, സത്യൻ, സിപിഒ ശരത്ബാബു എന്നിവരും ഉണ്ടായിരുന്നു.