റാഞ്ചി: ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ ആധുനികത പ്രചരിപ്പിക്കാൻ എംഎൽഎ ചുംബന മത്സരം സംഘടിപ്പിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെയാണ് സർക്കാർ നിയോഗിച്ചത്.
പകുർ സബ് ഡി വിഷണൽ മജിസ്ട്രേറ്റ് ജിതേന്ദ്ര കുമാർ ഡിയോ, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നവനീത് ഹെംബ്രോ എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങൾ. ഇരുവരും ദുമരൈ ഗ്രാമം സന്ദർശിക്കുകയും ചെയ്തു.
ജാർഖണ്ഡ് മുക്തി മോർച്ച എംഎൽഎ സൈമണ്‍ മറാണ്ടിയാണ് ആദിവാസി ദന്പതികൾക്ക് വേണ്ടി ശനിയാഴ്ച രാത്രി ചുംബന മത്സരം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ചില പ്രാദേശിക പത്രങ്ങൾ ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് എംഎൽഎ പുലിവാല് പിടിച്ചത്.
എന്നാൽ, പിന്നീട് അദ്ദേഹം തന്നെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. സ്നേഹവും ആധുനികതയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിക്കുന്നവർക്ക് യഥാക്രമം 900, 700, 500 രൂപ സമ്മാനവും ഉണ്ടായിരുന്നു.