ചാരുംമൂട്: പ്രളയദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണവുമായി ചുനക്കര നാട്ടുമൊഴിക്കൂട്ടം നാടൻപാട്ട് സംഘം. ജാതിമത രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറം നാം ഒന്നാണ് നമ്മൾ അതിജീവിക്കും എന്ന സന്ദേശം ഉയർത്തി ഗ്രാമങ്ങൾതോറും പര്യടനം നടത്തുകയാണ് ഈ സംഘം.
ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിലാണ് ഇപ്പോൾ പാട്ടുകൾ പാടി സുമനസുകളുടെ സഹായം സ്വരൂപിക്കുന്നത്. മധ്യകേരളത്തിലെ പ്രമുഖ നാടൻപാട്ട് കലാകാരൻ ദിനേശ് ചുനക്കരയ്ക്കൊപ്പം എംജി സർവകലാശാല പിഎച്ച്ഡി വിദ്യാർഥി വി.സി. ഷൈനു, കലാകാര·ാരായ മനോജ് ശശിധരൻ, അന്പാടി, മൈഥിലി, ഉണ്ണി, ദേവിത, അഖില, ആര്യ, അന്പാടി, അദ്വൈത് എന്നിവരാണ് സംഘത്തിലുള്ളത്.
കുറത്തികാട് പോലീസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച പാട്ടു പര്യടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഎസ്ഐ നിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. സുരേഷ് പുലരി, സവിധ സുനിൽ, സത്യൻ കോമല്ലൂർ, സുനിൽ വള്ളോന്നി, സക്കീർ എന്നിവർ പ്രസംഗിച്ചു.