പത്തനാപുരം: തീ ആളിപടർന്നപ്പോൾ ഉണ്ടാകുന്ന ദുരന്തം മുന്നിൽ കണ്ട് അവസരോചിതമായ ഇടപെടൽ നടത്തി കുരുന്നുകൾ ശ്രദ്ധ നേടി. പട്ടാഴി വടക്കേക്കര മാലൂർ കോളേജ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഇന്നലെ ഉച്ചയോടെയാണ് തീ പടർന്നത്. തറനിരപ്പിൽ നിന്നും ഉയരത്തിലാണ് തീ പടർന്നത്.
ചൂടിന്റെ കാഠിന്യം കൂടിയായപ്പോൾ തീ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമായി. മുതിർന്നവർ പോലും എന്ത് ചെയ്യണമെന്നറിയാതെ നിസഹായരായി നോക്കി നിൽക്കുമ്പോൾ ആണ് ദേശത്തെ ചുണക്കുട്ടൻ മാരായ നാല് കുട്ടികൾ താഴ്ചയിൽ നിന്നും വെള്ളം എത്തിച്ച് തീ നിയന്ത്രിക്കാൻ പണിയെടുത്തു.
ഒരു പക്ഷേ തീ നിയന്ത്രിച്ചില്ലെങ്കിൽ സമീപ വീടുകളിലേക്കും തോട്ടങ്ങളിലേക്കും പടർന്ന് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായേനെ. തീ പടർന്ന സ്ഥലത്തെ കൂടംകുളം വൈദ്യുതലൈൻ ടവറിൽ തീ പടരാതിരുന്നത് വൻദുരന്തം ഒഴിവായി.
വാർഡ് മെമ്പറും നാട്ടുകാരും ചേര്‍ന്ന് പത്തനാപുരം ആവണീശ്വരം യൂണിറ്റ് ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തിയിരുന്നു. തീപിടുത്തം നടന്ന കുന്നിൻ മുകളിൽ വാഹനം എത്താൻ പറ്റാതെ ഫയർഫോഴ്സും നിസഹരായിരുന്നു. ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തിയപ്പോൾ ചുണക്കുട്ടൻമാർ ബക്കറ്റിൽ വെള്ളവുമായി ഓടി നടന്ന് തീ അണയ്ക്കാനുള്ള ശ്രമമാണ് കാണുന്നത്.
ചിറയില്‍ കിഴക്കേക്കരയില്‍ അനില്‍കുമാര്‍ അമ്പിളി ദമ്പതികളുടെ മകന് ആദിത്യന്(13), വാലുതുണ്ടില്‍ ഓമനക്കുട്ടന് സൗമ്യ ദമ്പതികളുടെ മകന് ശ്രീക്കുട്ടന്(12), തണല്‍വീട്ടില്‍ രാജേന്ദ്രന് രാജി ദമ്പതികളുടെ മകന് ബിജില്‍(9), രതീഷ് ഭവനില്‍ രതീഷ് അംബിക ദമ്പതികളുടെ മകന് അനന്തു(13)എന്നിവരാണ് ഈ ചുണക്കുട്ടന്മാര്.
കുരുന്നുകളുടെ പ്രവർത്തനം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. കുട്ടികളെ നാട്ടുകാരും ഗ്രാമ പഞ്ചായത്തും ഫയർഫോഴ്സും അനുമോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.