ചുഞ്ചു നായര്‍ എന്ന പൂച്ച പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊട്ടിപ്പുറപ്പെട്ട ട്രോള്‍ ആഘോഷങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. പൂച്ചയുടെ പേരിന് പിന്നിലുള്ള ജാതിപ്പേര് ചൂണ്ടികാട്ടിയാണ് പലരും ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്. ചില ട്രോളുകളാകട്ടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടുമുണ്ട്. ഇത്തരം ട്രോളുകളെക്കുറിച്ചും പരിഹാസത്തെക്കുറിച്ചും പൂച്ചയുടെ ഉടമസ്ഥ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മനസ് തുറക്കുകയുണ്ടായി. അവരുടെ വാക്കുകള്‍ ഇങ്ങനെ…
ഈ ട്രോള്‍ ഇറക്കുന്നവര്‍ക്കും പരിഹാസം ചൊരിയുന്നവര്‍ക്കും അവള് ഞങ്ങള്‍ക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചുഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങള്‍ വളര്‍ത്തിയത്. അത്രയേറെ സ്നേഹിച്ചും ലാളിച്ചും വളര്‍ത്തിയ പൂച്ചയുടെ മരണം ഞങ്ങളെ ഏറെ വേദനിപ്പിച്ചു.
18 വര്‍ഷമാണ് വീട്ടിലെ ഒരു അംഗമായി അവള് ഒപ്പം കഴിഞ്ഞത്. വീട്ടിലെ പ്രിയപ്പെട്ടവരുടെ മരണവാര്‍ഷികത്തിന് ഓര്മപുതുക്കാനായി പരസ്യം നല്‍കുന്നത് സ്വാഭാവികമാണ്. ഞങ്ങളും അതാണ് ചെയ്തത്. എന്നാല്‍ ഈ പരസ്യത്തെ എത്ര വികലമായ രീതിയിലാണ് ട്രോള്‍ ചെയ്യാന്‍ ഉപയോഗിച്ചത്. യാതൊരു മനുഷ്യത്വവുമില്ലാത്ത മനുഷ്യരുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.
ഞങ്ങളെ സംബന്ധിച്ച് ചുഞ്ചു വെറുമൊരു പൂച്ചയല്ല, മകള്‍ തന്നെയായിരുന്നു. തരംതാണ രീതിയിലാണ് ട്രോളുകള്‍ ഇറങ്ങിയത്. അതിന് മറുപടി പറഞ്ഞാല്‍ ഞങ്ങളും തരംതാഴുകയേ ഉള്ളൂ. ഒരു കുട്ടിയെ ദത്തെടുത്ത് കഴിഞ്ഞാല്‍ അതിന്റെ പേരിന് പിന്നില്‍ കുടുംബ പേരോ, ജാതിയോ മാതാപിതാക്കളുടെ പേരോ നല്കാറില്ലേ? ഞങ്ങള്‍ അവളെ ചുഞ്ചു എന്നുപോലും വിളിച്ചിരുന്നില്ല. മോളൂട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. സുന്ദരി എന്ന പേരാണ് ചുഞ്ചു എന്നായത്.
ആ പേരിനെപ്പോലും വളരെ മോശമായിട്ടാണ് ആളുകള്‍ എടുത്തത്. കേരളത്തിലുള്ളവര്‍ മൃഗങ്ങളോട് കാണിക്കുന്ന സമീപനം കൂടിയാണ് ഇപ്പോള്‍ തെളിഞ്ഞത്. ഒരു അരുമ മൃഗത്തോട് ഇങ്ങനെയാണ് കാണിക്കുന്നതെങ്കില്‍ ഒരു മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ? ട്രോളുകള്‍ ഒരുപാട് വേദനിപ്പിച്ചു. ഞങ്ങളെ അറിയാവുന്നവര്‍ക്ക് അറിയാം എത്രമാത്രം സ്നേഹത്തോടെയാണ് ചുഞ്ചുവിനെ വളര്‍ത്തിയതെന്ന്.
കഴിഞ്ഞത് കഴിഞ്ഞു. ഞങ്ങള്‍ ഒന്നിനോടും പ്രതികരിക്കാനില്ല. ട്രോളുകള്‍ ഇപ്പോള്‍ നോക്കാറില്ല. ചുഞ്ചുവിനെ ഞങ്ങള്‍ക്ക് ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ആ ദുഖത്തില്‍ നിന്ന് ഇതുവരെയും ഞങ്ങള്‍ മോചിതരായിട്ടില്ല അവര്‍ പറഞ്ഞു. കുടുംബത്തിന്റെ പേരും വിവരങ്ങളും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.