കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിനമാണു ചുണ്ടില്ലാക്കണ്ണൻ. കുലച്ച ചുണ്ട് പൂർണമായും വിരിഞ്ഞു കായാകുന്നതിനാലാണ് ഈ വാഴയെ ചുണ്ടില്ലാക്കണ്ണൻ എന്നു വളിച്ചിരുന്നത്.
ഒട്ടും ചെലവില്ലാതെ ലളിതമായി കൃഷി ചെയ്തിരുന്ന ചുണ്ടില്ലാക്കണ്ണൻ വാഴയ്ക്ക് കീടരോഗാ ക്രമണങ്ങളും തീരെ കുറവായിരുന്നു. വിപണന സാധ്യത തീരെയില്ലാതിരുന്ന ഈ വാഴ വീട്ടാവശ്യത്തിനും മറ്റുള്ളവർക്കു സമ്മാനമായി നൽകാനുമാണു പ്രധാനമായും കൃഷി ചെയ്തിരുന്നത്.
മറ്റു ചെറുപഴങ്ങളെ അപേക്ഷിച്ച് രുചിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള ചുണ്ടില്ലാക്കണ്ണനു സാധാരണ നാടൻ പഴങ്ങളേക്കാൾ മധുരം കൂടുതലാണ്. പഴുത്തു കഴിഞ്ഞാൽ ഉൾവശം തൂവെള്ള നിറത്തിൽ വെണ്ണ പോലെയിരിക്കും. പരസ്പരം കൂട്ടി മുട്ടാതെ വിടർന്നു നിൽക്കുന്ന കായ്കളുടെ അറ്റം വളഞ്ഞു മുകളിലോട്ടു നിൽക്കും.
ഔഷധ ഗുണമേറെയുള്ള കായ്കൾ അരിഞ്ഞ് ഉണക്കി കുട്ടികൾക്കു കുറുക്ക് ഉണ്ടാക്കി കൊടുക്കാൻ ഉപയോഗിച്ചിരുന്നു. ദഹന പ്രശ്നങ്ങൾ ഒട്ടുമില്ലാത്തതിനാൽ പ്രായഭേദമന്യേ എല്ലാർക്കും ചുണ്ടില്ലാക്കണ്ണൻ പഴം കഴിക്കാം. സൂക്ഷിപ്പുകാലം കുറഞ്ഞതിനാലാകാം ചുണ്ടില്ലാക്കണ്ണൻ പഴം സാധാരണ കടകളിൽ ലഭിക്കാറില്ല.
പഴം കുലയോടെ തൂക്കിയിട്ടാൽ തനിയെ അടർന്നു വീഴും. പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി, ഫൈറ്റോന്യൂട്രിയന്റ്, ആന്റി ഓക്സി ഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പണ്ടു കാലത്ത് കർഷകർ പ്രഭാത ഭക്ഷണമായി വിളഞ്ഞ പച്ചക്കായകൾ പുഴുങ്ങി ചതച്ച മുളകുമായി ചേർത്തു കഴിച്ചിരുന്നു.
വടക്കൻ ജില്ലകളിൽ ഈ വാഴ കുടപ്പനില്ലാ കുന്നൻ എന്നാണ് അറിയപ്പെട്ടിരുന്നത്. സമീപകാലത്ത് ചുണ്ടില്ലാകണ്ണൻ ഏറെ താത്പര്യത്തോടെ കർഷകർ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. നാട്ടു ചന്തകളിലും ഇക്കോ ഷോപ്പുകളിലും പച്ചക്കായും പഴങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.
കുലകളിൽ നിന്ന് പടല കൾ വേർപെടുത്തിയാണ് വിപണനം ചെയ്യുന്നത്. മറ്റു വാഴകളെപ്പോലെ രണ്ടര-മൂന്ന് മീറ്റർ അകലത്തിൽ നട്ട് ഒൻപതാം മാസം വിള വെടുക്കാവുന്ന ഈ വാഴയുടെ വിത്തുകൾ ആവശ്യത്തിന് ലഭ്യമല്ലാത്തതാണു കർഷകർ നേരിടുന്ന പ്രശ്നം.
ഫോണ് : 9447468077
സുരേഷ്കുമാർ കളർകോട്