ഹരിപ്പാട്: ജലരാജാക്ക·ാരുടെ ശില്പിയ്ക്കെതിരെ വ്യാജ പ്രചരണമെന്ന് ആക്ഷേപം. ചുണ്ടൻ വള്ളങ്ങളുടെ രാജശില്പിയായ കോയിൽ മുക്ക് നാരായണൻ ആചാരിയുടെ മൂത്ത മകനും നിരവധി കളി വള്ളങ്ങളുടെ ശില്പിയുമായ ഉമാമഹേശ്വരൻ (72)ആണ് തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി രാഷ്ട്രദീപികയോട് പറഞ്ഞത്.
സ്വകാര്യ ചുണ്ടൻ വള്ളങ്ങൾ ശരിയായ ഘടനയിലും വിജയിക്കുന്ന രീതിയിലും നിർമിക്കുന്പോൾ കരക്കാർക്കായി നിർമിക്കുന്നവ മനസ്സിരുത്തി നിർമിക്കുന്നില്ലെന്നും അതിനാലാണ് പരാജയങ്ങൾ സംഭവിക്കുന്നതെന്നുമുള്ള പ്രചരണമാണ് തനിക്കെതിരെ നടത്തുന്നതെന്നാണ് ഉമാമഹേശ്വരൻ പറയുന്നത്. തൊഴിലിലെ ആത്മാർത്ഥത തന്റെ പിതാവ് പഠിപ്പിച്ചതാണെന്നും ഒന്നിനെ നന്നാക്കി മറ്റൊന്നിനെ മോശമാക്കുന്ന രീതി തന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.
22 വയസുള്ളപ്പോഴാണ് അച്ഛനോടൊപ്പം ചുണ്ടൻ വള്ള നിർമാണ രംഗത്തേക്ക് വരുന്നത്. അച്ഛൻ നിർമിച്ച വള്ളങ്ങളിൽ പങ്കാളിയായി. അവ പല തവണ തന്റെ നേതൃത്വത്തിൽ പുതുക്കി പണിതു. അന്പത് വർഷത്തിനുള്ളിൽ തന്റെ നേതൃത്വത്തിൽ 11 ചുണ്ടൻ വള്ളങ്ങളും നാല് വെപ്പ് വള്ളങ്ങളും നിർമിച്ചു.
ഇതിനു പുറമെ ഇരുട്ടുകുത്തി എ, ബി ഗ്രേഡുകളിലായി രണ്ടും, തെക്കനോടി ഒന്നും, മലപ്പുറം കാസർകോഡ് ഭാഗങ്ങളിലായി അഞ്ച്, വടക്കനോടിയും, ഓതറ പള്ളിയോടവും നിർമിച്ചു. അവസാനം നിർമിച്ച ഗബ്രിയേൽ ചൂണ്ടൻ കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി നേടി. ഇവയെല്ലാം മനസിരുത്തി സമർപണത്തിലൂടെ നിർമിച്ചവയാണ്.
പഴയ പുളിങ്കുന്നു ചുണ്ടൻ നിർമാണ വേളയിലാണ് അച്ഛനോടൊപ്പം ഈ മേഖലയിലേക്ക് കടന്നു വന്നതെന്നും ഉമാമഹേശ്വരൻ പറഞ്ഞു. ഇന്ന് തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ ഏറെ വേദനയുണ്ടെന്നും തൊഴിൽ നൽകിയില്ലെങ്കിലും തനിക്കെതിരെയുള്ള കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.