ചുങ്കപ്പാറ: കോട്ടാങ്ങല് ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്ഡിലെ ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന മാരംങ്കുളം – നിര്മലപുരം റോഡിന്റെ പരിസര പ്രദേശങ്ങളിലും വിനോദ സഞ്ചാര മേഖലയായ നാഗപ്പാറയിലും മല്സ്യ, മാംസ മാലിന്യങ്ങളും മദ്യകുപ്പികളും മയക്കുമരുന്ന് പായ്ക്കറ്റുകളും ഭവനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും നിരന്തരമായി നിക്ഷേപിക്കുന്നതു മൂലം പ്രദേശവാസികള്ക്കും കാല്നടക്കാര്ക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ദുര്ഗന്ധവും കുപ്പിച്ചില്ലുകളും പ്രദേശവാസികളെയാണ് ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില് കൊട്ടാരം പടി, ഇലഞ്ഞിപ്പുറം പടി, നാഗപ്പാറ എന്നിവിടങ്ങളില് കക്കൂസ് മാലിന്യങ്ങളും മല്സ്യ, മാംസ മാലിന്യങ്ങളും വീട് വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും നിക്ഷേപിച്ചിരുന്നു.
ദുര്ഗന്ധം വമിക്കുന്നതു കാരണം സമീപവീടുകളില് ഇരിക്കാന് പോലുമാകുന്നില്ല. കുറുനരി, തെരുവുനായ്ക്കള്, കാട്ടുപന്നി എന്നിവ മാലിന്യങ്ങള് വലിച്ചെടുത്ത് ജലസ്രോതസുകളിലും വീട്ടുമുറ്റത്തും എത്തിക്കാറുണ്ട്.
രാത്രിയിലാണ് മാലിന്യങ്ങള് ഏറെയും തള്ളുന്നത്.
പ്രഭാത സവാരിക്കാര്, ടാപ്പിംഗ് തൊഴിലാളികള്, പത്രവിതരണക്കാര്, വിദ്യാര്ഥികള് അടക്കം രാവിലെ യാത്ര ചെയ്യേണ്ടിവരുന്നവര്ക്ക് റോഡിലേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയുണ്ട്. പ്രദേശത്ത് നിരന്തരമായി മാലിന്യങ്ങള് നിക്ഷേപിക്കുന്ന സാമൂഹിക വിരുദ്ധര്ക്കെതിരേ അധികൃതര് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജനപ്രക്ഷോഭം ആരംഭിക്കുന്നതിനും നിര്മലപുരം – ചുങ്കപ്പാറ ജനകിയ വികസന സമതിയോഗം തീരുമാനിച്ചു.
നിര്മലപുരത്ത് ചേര്ന്ന യോഗത്തില് സമിതി ഭാരവാഹികളായ സോണി കെ. യു. കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയില്, ബാബു പുലിത്തിട്ട, ബിറ്റോ മാപ്പൂര്, തോമസുകുട്ടി വേഴമ്പ് തോട്ടം, ഫിലിപ്പ് മോടിയില്, പ്രമോദ് ആക്കകുന്നേല്, കെ.പി. തോമസ് കണ്ണാടിക്കല്, സണ്ണി മോടിയില് , രാജു നാഗപ്പാറ, ബിജു മോടിയില്, കുട്ടപ്പന് നാഗപ്പാറ, രാജു മോടിയില്, റെജി നെല്ലുവേലില്, ബേബിച്ചന് കൊട്ടാരം എന്നിവര് പ്രസംഗിച്ചു.