കെഎസ്ആര്‍ടിസി എംഡിയായി ടോമിന്‍ തച്ചങ്കരി അധികാരത്തില്‍ കയറിയ നാളുകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഒരു പേരാണ് ആര്‍എസ്സി 140 എന്നത്. കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഒരു ഓര്‍ഡിനറി ബസായിരുന്നു അത്. ബസിനെ സംബന്ധിച്ച് പ്രസ്തുത ബസിലെ ഒരു സ്ഥിരം യാത്രക്കാരി ഈരാറ്റുപേട്ട ഡിപ്പോയില്‍ വിളിച്ച് പറഞ്ഞ ഒരു പരാതിയാണ് പിന്നീട് വാര്‍ത്തയായത്.
കോട്ടയം കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ആര്‍എഎസ്‌സി 140 കേരളത്തിന്റെ തന്നെ ചങ്ക് ബസായത് സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഒറ്റ ഫോണ്‍ കോളിലൂടെയായിരുന്നു. ബസ് കാണാതായതോടെ ഡിപ്പോയിലേക്ക് വിളിച്ചു പെണ്‍കുട്ടി പരാതിപ്പെട്ടത് വൈറലായി. ഇതോടെ ഈരാറ്റുപേട്ടയില്‍ നിന്ന് ആലുവയിലേക്കും അവിടെ നിന്നു കണ്ണൂരിലേക്കും പോയ ബസ് ആര്‍എസ്സി 140 ചങ്കായി തിരിച്ചെത്തി. എംഡിയുടെ നിര്‍ദേശ പ്രകാരം ബസിന് ചങ്കെന്ന് പേരുമിട്ടു.
തുടര്‍ന്ന് പഴയ റൂട്ടില്‍ തന്നെ സര്‍വീസ് നടത്തിയിരുന്ന ബസിന്റെ റൂട്ട് മൂന്നു മാസം മുന്‍പാണ് നഷ്ടപ്പെട്ടത്. ഡ്യൂട്ടി പരിഷ്‌കരണത്തോടെ ചങ്ക് ബസ് സര്‍വീസ് നടത്തിയിരുന്ന റൂട്ട് കട്ടപ്പന ഡിപ്പോയിലേക്കു മാറ്റി. ഇതോടെ ഓടാന്‍ ഇപ്പോള്‍ സ്ഥിരം റൂട്ടുമില്ലാതെയായി. എങ്ങോട്ടോടണമെന്ന് രാവിലെ തീരുമാനിക്കുമെന്ന അവസ്ഥയിലാണ് ഈ വണ്ടി ഇപ്പോള്‍. മൂന്നു മാസത്തോളമായി ഇതു തന്നെയാണ് അവസ്ഥ. ഇതോടെ കെഎസ്ആര്‍ടിസിയുടെ ചങ്ക് ബസ് പോലും കട്ടപ്പുറത്തായിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ചങ്ക് ബസിന്റെ അവസ്ഥ കണ്ട് ആളുകള്‍ പറയുന്നത്.