തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി ആദം അലിയെ കൂടുതല്‍ തെളിവെടുപ്പിനായി ചെന്നൈയിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന് പുറത്ത് ഓടയില്‍ കുത്തി നില്ക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു.
അതേസമയം മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാഗില്‍ സൂക്ഷിച്ച മനോരമയുടെ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പ്രതി പറയുന്നത്.
എന്നാൽ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിനുശേഷം കത്തി വീടിന്റെ കോമ്പൗണ്ടിലെ ഓടയിലാണിട്ടതെങ്കിലും കഴിഞ്ഞ ദിവസം ഓടവൃത്തിയാക്കിയപ്പോള് കത്തി പുറത്തെ ചാലില്‍ വീണതാകാമെന്ന് പോലീസ് പറഞ്ഞു.
തെളിവെടുപ്പിനിടെ മനോരമയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതി വിവരിച്ചു. മനോരമ ഒറ്റക്കാണെന്ന് മനസിലാക്കിയാണ് വീട്ടില്‍ എത്തിയതെന്നും പ്രതി പോലീസിനോടു പറഞ്ഞു.
മുന്‍പരിചയമുള്ളത് കൊണ്ട് പ്രതി വിളിച്ചപ്പോള്‍ മനോരമ പുറത്തേക്ക് വന്നു. പൂക്കൾ വേണമെന്ന് ആവശ്യപ്പെട്ടു.
വീടിന്റെ പിന്‍വശത്തെ ചെമ്പരത്തി ചെടിയില്‍ നിന്ന് പൂ പറിച്ച് നല്‍കുന്നതിനിടെ മേനാരമയെ പിന്നില്‍ നിന്ന് ആക്രമിച്ചെന്ന് ആദം അലി പറഞ്ഞു.
കത്തികൊണ്ട് കഴുത്ത് മുറിച്ചു. നിലവിളിച്ചപ്പോള്‍ സാരി ചുറ്റി ശ്വാസം മുട്ടിച്ച് കൊന്നു. ഏഴടിയോളം താഴചയുള്ള അയല്‍വീടിന്റെ മതില്‍ക്കെട്ട് കടന്ന് മൃതദേഹം കിണറ്റില്‍ എത്തിച്ചത് എങ്ങനെയെന്നും പ്രതി കാണിച്ചുകൊടുത്തു.
വിശദമായ തെളിവെടുപ്പ് നടത്താനും ചോദ്യം ചെയ്യാനും കോടതി ഒന്‍പത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.