മണ്ണാർക്കാട് : മഴ ശക്തം; അട്ടപ്പാടി ചുരം മണ്ണിടിച്ചിൽ ഭീഷണിയിൽ. മണ്ണാർക്കാട് ചിന്നതടാകം റോഡിലെ അട്ടപ്പാടി ചുരം വളവുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഏതുനിമിഷവും വലിയ മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുകയാണ് ഇവിടെ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അട്ടപ്പാടി മലനിരകളിൽ ശക്തമായ മഴയാണ് പെയ്യുന്നത് .
ഇതേതുടർന്ന് മണ്ണൊലിപ്പും വ്യാപകമായിട്ടുണ്ട്. ഏതുനിമിഷവും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന അവസ്ഥയാണ് അട്ടപ്പാടി ചുരം വളവുകളിൽ ഇപ്പോൾ നിലനിൽക്കുന്നത്. അട്ടപ്പാടി ചുരം വളവിലെ എട്ടാം വളവിലൂടെ ചേർന്നാണ് അപകടകരമായ വിധം മണ്ണിടിച്ചിൽ ഉള്ളത് .
കഴിഞ്ഞവർഷം കാലവർഷക്കെടുതിയിൽ വ്യാപകമായ നാശനഷ്ടം അട്ടപ്പാടി മേഖലയിലുണ്ടായത് . ചുരം റോഡ് വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായി .ഇവിടെ റോഡിന്റെ ഒരുവശം താഴോട്ടിറങ്ങി നീങ്ങിയിരിക്കുകയാണ്. ആ ഭാഗം ഇതുവരെയായും നന്നാക്കിയിട്ടില്ല .
കഴിഞ്ഞവർഷം ഇവിടെയാണ് കൂടുതൽ മഴ ഉണ്ടായത് .ഇതു കാരണത്താൽ ഈ ഭാഗം പൂർണമായും മലതാഴോട്ട് ഇറങ്ങും ചെയ്തു. മഴ ഇനിയും ശക്തമായാൽ ചുരം തകർന്നു അട്ടപ്പാടി മേഖല വീണ്ടും ഒറ്റപ്പെടും. ഇവിടേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെടും.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് അട്ടപ്പാടിചുരത്തിലൂടെ അഗളി ഗൂളിക്കടവ് ഭാഗങ്ങളിലേക്ക് പോകുന്നത്.
അന്തർസംസ്ഥാന പാത ആയതുമൂലം നിരവധി വാഹനങ്ങളിൽ മേട്ടുപ്പാളയം കോയന്പത്തൂർ എന്നിവിടങ്ങളിലേക്കും പോകുന്നു. ഇത്രയും പ്രാധാന്യമുള്ള റോഡ് പോലും അധികൃതർ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ല.
റോഡ് നവീകരണത്തിനായി ബജറ്റിൽ തുക വകയിരുത്തുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നടപടികൾ ആയിട്ടില്ല. മഴ ഇനിയും കനത്താൽ മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകാനും സാധ്യതയേറെയാണ് . കഴിഞ്ഞവർഷം ഒരുമാസത്തോളമായി അട്ടപ്പാടി മേഖല ഒറ്റപ്പെട്ടത്.
അന്ന് മണ്ണിടിച്ചിലുണ്ടായി ഭാഗങ്ങളിലെല്ലാം ഇരുന്പുകന്പി വെച്ച് മറക്കുക മാത്രമാണ് അധികൃതർ ചെയ്തിട്ടുള്ളത് അപകടകരമായ ഭാഗങ്ങളിലൂടെ ഓരോ വാഹനം മാത്രമാണ് ഇപ്പോൾ കടന്നുപോകുന്നത് . ശക്തമായ മഴ പെയ്യുന്പോൾ ജീവൻ പണയംവെച്ചാണ് യാത്രക്കാർ ചുരം വഴിയാത്ര ചെയ്യുന്നത്.