അഗളി: മണ്ണാർക്കാട്-ചിന്നത്തടാകം റോഡിലെ ആനമൂളിചുരം കഴിഞ്ഞവർഷം സെപ്റ്റംബർ 16, 17, 18 തീയതികളിലുണ്ടായ മഴയിലും ഉരുൾപൊട്ടലിലും തകർന്നു. ഈ ചുരംറോഡ് ബലപ്പെടുത്തി നവീകരണ പ്രവൃത്തികൾ ചെയ്യുമെന്നും മണ്ണാർക്കാട് മുതൽ ആനക്കട്ടിവരെ റോഡ് പുതുക്കിപണിയുമെന്നും സർക്കാർ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും യാതൊന്നും നടപ്പായില്ല.
നിലവിൽ കാലവർഷം തുടങ്ങിയതോടെ ചുരംവഴിയുള്ള യാത്ര ദുഷ്കരവും ഭയാനകവുമാണ്. ആദിവാസികളും കുടിയേറ്റ കർഷകരും ഉൾപ്പെടെയുള്ള രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പകലും രാത്രിയിലും ഇതുവഴി വേണം കൊണ്ടുപോകാൻ. കുണ്ടുംകുഴികളുംപോലും അടയ്ക്കുവാൻ പി.ഡബ്ല്യുഡി റോഡ് വിഭാഗത്തിനു സാധിച്ചിട്ടില്ല.
സർക്കാർ ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ ദിവസേന അയ്യായിരത്തോളംപേർ ചുരംറോഡ് വഴി യാത്ര ചെയ്യുന്നു്. അപകടാവസ്ഥയിൽ നില്ക്കുന്ന ചുരംറോഡ് ഈ മഴക്കാലത്ത് വീണ്ടും തകർന്നാൽ ഇരുന്നൂറു കിലോമീറ്റർ ചുറ്റിവളഞ്ഞ് കോയന്പത്തൂർ വഴിവേണം അട്ടപ്പാടിക്കാർക്ക് താലൂക്ക് ആസ്ഥാനമായ മണ്ണാർക്കാട് എത്തിച്ചേരാൻ.
അട്ടപ്പാടി ചുരംറോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ മുക്കാലിയിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരം നടത്തുകയും സർക്കാരിനും പൊതുമരാമത്തു വകുപ്പിലേക്കും നിവേദനങ്ങൾ നല്‍കുകയും ചെയ്തെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ല.
മണ്ണാർക്കാട്- ചിന്നത്തടാകം ചുരംറോഡ് പുതുക്കിപണിയുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അടക്കമുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻപോലും പിഡബ്ല്യുഡി റോഡുവിഭാഗവും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിരിക്കുകയാണ്.
അട്ടപ്പാടി നിവാസികളോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അട്ടപ്പാടിചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ആധുനിക രീതിയിൽ പുതുക്കിപണിയണമെന്നും ആവശ്യപ്പെട്ടു ജനകീയ കൂട്ടായ്മ യുഡിഎഫ് അട്ടപ്പാടി മേഖലാ കമ്മിറ്റിയുമായി ചേർന്നു അനിശ്ചിതകാല സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കാലവർഷക്കെടുതിയിൽ ശക്തമായ കാറ്റടിച്ച് വാഴ ഉൾപ്പെടെയുള്ള കൃഷികൾ നഷ്ടപ്പെട്ടവർക്കും കാട്ടാനയുടെ ആക്രമണത്തിൽ കൃഷികളും വീടുകളും നശിച്ചവർക്കും അടിയന്തിരമായി ധനസഹായം സർക്കാർ അനുവദിക്കണമെന്നും കക്കുപ്പടിയിൽ ചേർന്ന അട്ടപ്പാടി മേഖലാ യൂഡിഎഫ് നേതാക്കളുടെയും ജനകീയ കൂട്ടായ്മ നേതാക്കളുടെയും യോഗം തീരുമാനിച്ചു.
ജനകീയ കൂട്ടായ്മ ചെയർമാൻ കേരള കോണ്‍ഗ്രസ്-ജേക്കബ് ജില്ലാ പ്രസിഡന്റ് വി.ഡി.ജോസഫ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് അട്ടപ്പാടി മേഖലാ കമ്മിറ്റി ചെയർമാൻ കെ.രാജൻ, ജനറൽ കണ്‍വീനർ എം.ആർ.സത്യൻ, കണ്‍വീനർ പി.എസ്.അബ്ദുൾ അസീസ്, എ.ആർ.ശിവരാമൻ, ബെന്നി ചെറുകര, നവാസ് പഴേരി, ബൈജു കാരിക്കാട്ടിൽ, അഗളി ഗ്രാമപഞ്ചായത്ത് മെംബർമാരായ സജീന നവാസ്, മിനി രാജൻ, ശങ്കരനാരായണൻ, റഷീദ് കള്ളമല, വി.ഡി.ബിജു, എ.പി.ബാപ്പു, ജോസ് പ്ലാത്തോട്ടം, തങ്കച്ചൻ ചുള്ളിക്കൽ, കെ.പി.ജോർജ് എന്നിവർ പ്രസംഗിച്ചു.