കോതമംഗലം: നാൽപതു വർഷത്തോളം പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിക്കാതെ നിലനിരപ്പിൽ നിന്നു ജാക്കിവച്ച് അഞ്ച് അടിയോളം ഉയർത്തി രൂപമാറ്റത്തിലൂടെ പള്ളി നിർമിച്ചു. കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂൾ കോന്പൗണ്ടിലെ കെട്ടിടത്തിന്റെ ഒരുഭാഗമാണ് എൻജിനീയറിംഗ് മെറ്റാമോർഫീസിസ്(നിലവിലെ കെട്ടിടം പൊളിക്കാതെ രൂപമാറ്റം വരുത്തുന്ന രീതി)സാങ്കേതികവിദ്യയുടെ സഹായത്തോടെ അഞ്ചടി ഉയർത്തി അതിമനോഹരമായ പള്ളി നിർമിച്ചത്.
മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതയിലെ കോതമംഗലം സെന്റ് മേരീസ് ഇടവക പള്ളിയാണ് വിമലഗിരി പബ്ലിക് സ്കൂളിനോട് ചേർന്ന് നിർമാണം പൂർത്തിയാക്കിയത്. കൂദാശ കർമം 15 ന് രാവിലെ ഒൻപതിന് മൂവാറ്റുപുഴ ബിഷപ് ഡോ. ഏബ്രാഹം മാർ ജൂലിയസ് നിർവഹിക്കുമെന്നു വികാരിയും സ്കൂൾ മാനേജരുമായ ഫാ.ജോയ് മാങ്കുളം പത്രസമ്മേളനത്തിൽ അറിയിച്ചു.
പോർട്ടൽ ഫ്രെയിം,ലിഫ്ടിംഗ് ആധുനിക സാങ്കേതിക രീതിയാണ് മുകൾ നിലയിലെ ഓഫീസ് നിലനിർത്തി താഴത്തെ നാല് മുറികൾ പള്ളിയാക്കിയത്.ഇരുനിലകളേയും താങ്ങിനിർത്താൻ ഇരുവശത്തും രണ്ട് വീതം പില്ലറുകളിൽ ബീമുകൾ ഉറപ്പിച്ചാണ് കെട്ടിടം പണി പൂർത്താക്കിയത്.
അകത്തളവും അൾത്താരയും ഗ്ലാസിൽ ഓയിൽപെയിന്റ് കൊണ്ട് ക്രിസ്തുവിന്റെയും മാതാവിന്റെയും ഉൾപ്പെടെ വിവിധ രൂപങ്ങൾ ചിത്രീകരിച്ച് സിമന്റിലെ കൊത്തുപണികളോടെ ഇന്റീരിയർ ഡിസൈൻ ചെയ്ത് വർണാഭമാക്കി. 2250 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പള്ളിയുടെ നിർമാണം.പതിനാല് മാസം കൊണ്ടാണ് പള്ളി പണി പൂർത്തികരിച്ചത്.
താഴെ പള്ളിയുടെ നിർമാണം നടക്കുന്പോൾ മുകളിൽ ജാക്കികളിൽ ഉയർത്തി നിർത്തിയിരുന്ന ഓഫീസ് മുറികളിൽ പ്രവർത്തന തടസമില്ലാത്തവിധത്തിലായിരുന്നു പണി മുന്നോട്ട് നീങ്ങിയത്.ആദ്യഘട്ടത്തിൽ കെട്ടിടത്തിന്റെ അടിത്തറ ബലപ്പെടുത്തി.ലിഫ്ടിംഗ് രീതിയിൽ കെട്ടിടം നാലരയടി ഉയർത്താൻ ഒരേസമയം 500 ജാക്കികൾ ഉപയോഗിച്ചാണ് നിർമാണം നടത്തിയത്.
സ്ഥലം വാങ്ങി പുതിയ പള്ളി നിർമിക്കാൻ വൻതുക വേണ്ടി വരുമെന്നതിനാലാണ് ചിലവ് കുറക്കാൻ നിലവിലെ കെട്ടിടം ഉയർത്തി രൂപമാറ്റം വരുത്തി പള്ളിയാക്കാൻ തിരുമാനിച്ചതെന്ന് വികാരി ഫാ.ജോയി മാങ്കുളം പറഞ്ഞു.