ചങ്ങനാശേരി: പെരുന്ന സെന്റ്. ആന്റണീസ് പള്ളിയിൽ വാതിൽ തകർത്ത് അകത്തു കടന്ന് നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് പണം കവർച്ചചെയ്ത സംഭവത്തിൽ ചങ്ങനാശേരി പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.
പള്ളിയുടെ സമീപത്തെ വീടുകളുടെ സിസിടിവികളിൽ നിന്നും ലഭിച്ച മോഷ്ടാവിന്റേതെന്നു കരുതുന്ന ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
മൂന്നു നേർച്ചപ്പെട്ടികളുടെ പൂട്ട് തകർത്ത് ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഇരുപതിനായിരത്തോളം രൂപയാണ് മോഷണം പോയത്. കോട്ടയത്തുനിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനകൾ നടത്തി.
ഇവർക്ക് ലഭിച്ച വിരലടയാളങ്ങൾ സംബന്ധിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ മണം പിടിച്ച് പള്ളിയിൽ നിന്നും പഴയ ആയൂർവേദാശുപത്രി റോഡിൽ വടക്കോട്ട് ഒരു വീടിന്റെ മുൻവശം വരെ ഓടി.
ഈ ഭാഗത്ത് ശനിയാഴ്ച രാത്രി 9.30ന് ടീ ഷർട്ട് ധരിച്ച ഒരാൾ നിൽക്കുന്നത് കണ്ടതായി നാട്ടുകാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.