ചെറുതോണി: സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് “ചുരുളി’ പ്രേക്ഷകർക്കു മുന്നിലെത്തിയപ്പോൾ ചുരുളിക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
നിയമസഭാ ചരിത്രത്തിൽപോലും സ്ഥാനംപിടിച്ച ചുരുളി എന്ന കുടിയേറ്റ ഗ്രാമത്തിനു കളങ്കം സൃഷ്ടിക്കുന്നതാണ് സിനിമയെന്ന് ചുരുളിക്കാർ ആരോപിച്ചു.
ഒരു മദ്യശാല പോലുമില്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്കു കളങ്കംവരുത്തുന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് ചിത്രത്തിലുടനീളമുള്ളത്.
1960-കളിൽ ജീവിക്കാൻവേണ്ടി ചുരുളി -കീരിത്തോട്ടിൽ കുടിയേറിയ കർഷകരെ അന്നത്തെ സർക്കാർ കുടിയിറക്കാൻ നടത്തിയ ശ്രമങ്ങൾ ഇന്നും ആരും മറന്നിട്ടില്ല.
കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാർജടക്കമുള്ള പീഡനങ്ങൾക്ക് കർഷകരിരയായി. എകെജി, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാനടക്കമുള്ളവർ കീരി ത്തോട്ടിലും ചുരുളിയിലും കർഷകർക്കായി സമരം നയിച്ചു. അങ്ങനെ നേടിയെടുത്ത ഗ്രാമമാണ് ചുരുളി.
സമരത്തിന്റെ പിൻബലത്തിൽ പിന്നീട് അധികാരത്തിൽവന്ന സർക്കാർ കുടിയിരുത്തിയ മലയോര കർഷകർക്ക് മൊത്തം അപമാനം വരുത്തിവയ്ക്കുന്ന ചുരുളി എന്നു പേരിട്ടിരിക്കുന്ന സിനിമ നിരോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഞ്ഞിക്കുഴി പഞ്ചായത്തിൽപ്പെട്ട ചുരുളിയിൽ നാനാജാതി മതസ്ഥരായ നൂറുക ണക്കിനു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.സാംസ്കാരിക മന്ത്രി സജി ചെറിയാനു നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് ചുരുളിക്കാർ.