ചുരുളി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അസഭ്യമാണോയെന്ന് പരിശോധിക്കാന്‍ പോലീസ്. ഇതിനായി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്കാന് എ.ഡി.ജി.പി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രൂപീകരിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് സിനിമയിലെ ഭാഷയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്.
ഇത് പോലീസ് സ്വയം ഏറ്റെടുത്ത അന്വേഷണമല്ല, ഹൈക്കോടതിയാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പിയോട് ആവശ്യപ്പെട്ടത്.
സിനിമയിലെ ഭാഷ അശ്ളീലമെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
മലയാളിയല്ലാത്ത പൊലീസ് മേധാവി അനില്‍കാന്ത് നേരിട്ട് സിനിമ കാണുന്നില്ല. പകരം മലയാളികളായ മൂന്ന് പേരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി.
ബറ്റാലിയന് മേധാവി കെ.പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിനിസ്ട്രേഷന് ഡി.സി.പി എന്‍.നസീം എന്നിവരാണ് സിനിമ കാണുന്നത്.
നാട്ടുകാരുടെ അസഭ്യപ്രയോഗത്തിനെതിരെ കേസെടുത്ത് പരിചയമുണ്ടങ്കിലും സിനിമയിലോ കലാപ്രകടനങ്ങളിലോയുള്ള ഭാഷ അതിരുകടന്നോയെന്ന് ആദ്യമായാണ് പോലീസ് അന്വേഷിക്കുന്നത്.
അതിന്റെ ആശയക്കുഴപ്പം ഉദ്യോഗസ്ഥര്‍ക്കുള്ളതിനാല്‍ നിയമോപദേശം തേടിയ ശേഷമാകും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുക.