തൃശൂർ: അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒറ്റനന്പർ ചൂതാട്ട കേന്ദ്രത്തിൽ പോലീസിന്റെ റെയ്ഡ്. രണ്ടുപേർ അറസ്റ്റിലായി. തൃശൂർ കാളത്തോട് സ്വദേശിയായ കറുത്തേരിയിൽ ഹസൻ മകൻ നിവാസ് (35), വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി വാലപറന്പിൽ സഹദേവന്റെ മകൻ സമേഷ് (30), എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് പണവും, ഒറ്റനന്പർ ചൂതാട്ടത്തിന് ഉപയോഗിക്കുന്ന നിരവധി ലോട്ടറികളും, മറ്റു സാധന സാമഗ്രികളും പോലീസ് കണ്ടെടുത്തു.
തൃശൂർ നഗരത്തിൽ അനധികൃതമായി ഒറ്റനന്പർ ചൂതാട്ടം നടക്കുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ്പോലീസും ഷാഡോ സംഘവും ചേർന്നായിരുന്നു റെയ്ഡ്. ഗോവൻ ലോട്ടറി നറുക്കെടുപ്പുഫലം അടിസ്ഥാനമാക്കിയായിരുന്നു ചൂതാട്ടമെന്നു പോലീസ് പറഞ്ഞു. പൂജ്യം മുതൽ ഒന്പതുവരെയുള്ള നന്പറുകളിൽ ഇടപാടുകാരൻ ആവശ്യപ്പെടുന്നതനുസരിച്ചുള്ള എണ്ണം നന്പറുകൾ പ്രത്യേകം തയാറാക്കിയ പേപ്പറിൽ എഴുതിനൽകും.
ഒരാൾക്ക് ഇപ്രകാരം എത്ര നന്പറുകൾ വേണമെങ്കിലും വാങ്ങാം. ഒരെണ്ണത്തിന് 12 രൂപയാണ് ഈടാക്കിയിരുന്നത്. ഗോവയിൽ ഓരോ മണിക്കൂർ ഇടവിട്ട് ഓണ്ലൈനിൽ ലൈവായി നടക്കുന്ന രാജശ്രീ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലത്തിൽ സമ്മാനാർഹമാകുന്ന നാലക്ക നന്പറിന്റെ മൂന്നാമത്തെ ഒറ്റനന്പർ ഒത്തുനോക്കിയാണ് സമ്മാനം നല്കുന്നത്. നന്പർ മാച്ച് ചെയ്താൽ ഒരു നന്പറിനു 100 രൂപ വീതം സമ്മാനം നൽകും.
നിരവധി ആളുകൾക്കാണ് ഇവരുടെ വലയിൽ വീണ് പണം നഷ്ടപ്പെട്ടിട്ടുള്ളതെന്നു പോലീസ് പറഞ്ഞു. രാവിലെ ഒന്പതുമണി മുതൽ ഓരോ മണിക്കൂർ ഇടവിട്ട് രാത്രി ഏഴുമണിവരെയാണ് നറുക്കെടുപ്പ്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ. നായരുടെ നിർദേശാനുസരണം സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിനോജ്, ഈസ്റ്റ് സിഐ സേതു എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണു പ്രതികളെ അറ സ്റ്റുചെയ്തത്.