പത്തനംതിട്ട: ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവ് സ്വകാര്യ ഹോസ്റ്റലിന്റെ മുകളില്‍ നിന്നു വീണു മരിച്ച കേസില്‍ പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം.
ഇതു വ്യക്തമാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിനാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പ് നടത്തി. സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.
കോടതി റിമാന്‍ഡ് ചെയ്ത ഇവരെ ചോദ്യം ചെയ്യാന്‍ പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു രാവിലെ 11ന് അവസാനിക്കും. മൂന്നുപേരെയും പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.