കാക്കനാട്: പ്രധാന വകുപ്പുകളിലായി ജില്ലയില്‍ കുരുക്കഴിയാതെ കിടക്കുന്നത് രണ്ട് ലക്ഷത്തോളം ഫയലുകള്‍. സാധാരണക്കാരുടെ ജീവിത പ്രശ്നം മുതല്‍ വമ്പന്മാരുടെ ബിസിനസ് ഫയലുകള്‍ വരെ ചുവപ്പ് നാടയിൽ വരിഞ്ഞു മുറുക്കിയ കൂട്ടത്തിലുണ്ട്.
പട്ടയം, പെന്ഷന്, വിദ്യാഭ്യാസ ആനുകൂല്യം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ചികില്‍സ സഹായം, വസ്തു സംബന്ധമായ പരാതികള്‍, പോക്കുവരവ് തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്.
പ്രധാന റവന്യു ഓഫിസുകളില്‍ മാത്രം 30 ,000 ഫയലുകള്‍ തീര്‍പ്പു കാത്തു കിടപ്പുണ്ട്. ഇതില്‍ 9,400 ഫയലുകള്‍ കളക്ടറേറ്റിലും മറ്റുള്ളവ താലൂക്ക്, ആര്‍ഡിഒ ഓഫിസുകളിലുമാണ്.
റവന്യു വകുപ്പിനു പുറമേ ജില്ലയിലെ മറ്റു നൂറോളം വകുപ്പുകളിലായി 2.20 ലക്ഷം ഫയലുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് ഏകദേശ കണക്ക്. ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനു തീവ്രയജ്ഞ പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നെങ്കിലും ഫലപ്രദമായില്ല.
റവന്യു വകുപ്പില്‍ മാത്രമായി കഴിഞ്ഞ വര്‍ഷം അദാലത്തുകള്‍ നടത്തിയതു വഴി 70 ,000 ഫയലുകള്‍ തീര്‍പ്പാക്കി. അവശേഷിക്കുന്നതാണ് 32,000 ഫയലുകള്‍. മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയോടനുബന്ധിച്ചു മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാന്‍ ദ്രുതകര്‍മ നടപടികള്‍ ആവിഷ്ക്കരിച്ചിരുന്നെങ്കിലും പൂര്‍ണമായി ലക്ഷ്യം കണ്ടില്ല.
കളക്ടറേറ്റിലെ 125ഓളം ക്ലറിക്കല്‍ സീറ്റുകളിലായാണു ഒമ്പതിനായിരത്തോളം ഫയലുകള്‍ ശാപമോക്ഷം കാത്തുകിടക്കുന്നത്. വില്ലേജ്,സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ടു ആയിരക്കണക്കിനു ഫയലുകളും കെട്ടിക്കിടപ്പുണ്ട്.
താഴെ തട്ടിലെ ഓഫീസുകളില്‍നിന്നും മറ്റും റിപ്പോര്‍ട്ടുകള്‍ കാത്തുകിടക്കുന്ന ഫയലുകളാണ് കലക്ടറേറ്റില്‍ കെട്ടികിടക്കുന്നവയിലധികവും. കോടതികളും സര്‍ക്കാരും ഇടപെട്ടതിനെ തുടര്‍ന്നു നടപടികള്‍ നിര്‍ത്തിവച്ച ഫയലുകളും ഇക്കൂട്ടത്തിലുണ്ട്.
നിലവില്‍ ദൈനംദിന ഫയലുകളില്‍ മാത്രമാണ് കലക്ടറേറ്റിലും അനുബന്ധ ഓഫിസുകളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കലക്ടറേറ്റ് ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ഓഫിസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളെ ചുവപ്പുനാടയില്‍ നിന്ന് മോചിപ്പിക്കാന്‍ മെഗാ അദാലത്തുകള്‍ പ്രഖ്യാപിച്ചിരുന്നു.
താലൂക്ക് അടിസ്ഥാനത്തിലും പിന്നീട് ജില്ലാ അടിസ്ഥാനത്തിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്ന അദാലത്തുകളും വേണ്ടത്ര കാര്യക്ഷമമായില്ല.