തലശേരി: വടകര ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തു. മാടപ്പീടിക കൊമ്മൽ വയലിൽ ബാലന്റെ സംഗീത എന്ന വീടിന്റെ മതിലാണ് ഇന്നലെ അർദ്ധ രാത്രിയിൽ അക്രമി സംഘം തകർത്തത് .
ചെങ്കല്ലിൽ നിർമിച്ച മതിൽ കല്ലുകൾ പൊളിച്ചു നീക്കിയാണ് തകർത്തത്. ആർ എസ് എസ് – ബിജെപി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സി പി എം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എ.എൻ.ഷംസീർ എം എൽ എ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാഘവൻ, എ.ശശി, എൻ.എം പ്രജിത്ത്, തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി.
സംഗീതയിൽ ബാലന്റെ സമ്മത പത്രത്തോടെയാണ് വീടിനു മുന്നിലെ മതിലിൽ ചുവരെഴുത്ത് നടത്തിയതെന്ന് സി പി എം നേതാക്കൾ പറഞ്ഞു. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള യുഡിഎഫ് – ആർഎസ്എസ് സംഘത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ചുവരെഴുത്ത് നടത്തിയ മതിൽ തകർത്തതിനു പിന്നിലെന്ന് എ.എൻ.ഷംസീർ എംഎൽഎ പറഞ്ഞു.
ബിജെപി നേതാവു കൂടിയായ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിലാണ് മതിൽ തകർത്തതെന്നും അക്രമികൾക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഷംസീർ ആവശ്യപ്പെട്ടു.