ആലത്തൂർ: ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്താൽ പ്രചാരണരംഗത്തുനിന്ന് ഫ്ളൈക്സ് ബോർഡുകൾ വഴിമാറും. പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം വരുന്നതോടെ പായൽപിടിച്ചുകിടക്കുന്ന ചുമരുകളും മതിലുകളും വെള്ളയടിച്ച് സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമായി തെളിയും.ചുമരെഴുതിയും തുണിബാനർ എഴുത്തുമായി ജീവിതം കരുപ്പിടിപ്പിച്ചിരുന്നകലാകാരന്മാർ പ്ലാസ്റ്റിക്,പി.വി.സി.ഫൽക്സ് ബോർഡുകളുടെ വരവോടെ പെയിന്റർമാരായി മാറിയിരുന്നു.
കലാമികവ് ആവശ്യമായ ചുവരെഴുത്ത്,ബാനർ എഴുത്ത് രംഗത്ത് തങ്ങളുടെ ജീവിതം വീണ്ടു പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണിവർ. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പാർട്ടികൾ ചുമരെഴുത്തുകാരെ കണ്ടെത്തി മതിലുകളിലും ചുമരുകളിലും എഴുത്ത് നടത്തിക്കഴിഞ്ഞു.സ്ഥാനാർത്ഥിപ്രഖ്യാപനം നീണ്ടുപോകുന്ന കക്ഷികളാകട്ടെ ചുമരുകളിൽ ’ബുക്ക്ഡ്’ എന്നെഴുതിയും ചിഹ്നം വരച്ചും സ്ഥാനാർത്ഥിയുടെ പേരെഴുതാതെ വോട്ടഭ്യർത്ഥിച്ചും തങ്ങളും പിന്നിൽ അല്ലെന്ന് പ്രഖ്യാപിക്കുകയാണ്.
പുഞ്ചിപൊഴിച്ച് കൈഉയർത്തി അഭിവാദ്യം ചെയ്യുകയും കൈകൂപ്പി വിനയാന്വിതരാകുകയും ചെയ്യുന്ന സ്ഥാനാർത്ഥികളുടെ ജീവസുറ്റ ഫ്ളക്സ് ബോർഡുകൾക്ക് ഇതൊന്നും പകരമാകില്ലെന്നത് പ്രവർത്തകരെ നിരാശപ്പെടുത്തുന്നുണ്ട്. ഫ്ളക്സിനു പകരം പരിസ്ഥിതി സൗഹൃദക്കാരനായ ’ബോഹർ’ വരും. ഫൽക്സിന്റെ മിഴിവും തെളിവും ഇതിനുണ്ടാകും.പരിസ്ഥിതിക്ക് പ്രശ്നം ഉണ്ടാക്കുകയുമില്ല.
ഉപയോഗ ശേഷം വലിച്ചെറിഞ്ഞാൽ മണ്ണിൽ അലിഞ്ഞുചേരും.കത്തിച്ചു ചാന്പലാക്കുയുമാകാം.ഫൽക്സ് ബോർഡ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബോഹർ ബോർഡ് രംഗത്ത് തൊഴിൽ സാധ്യത തേടാനുമാകും. രണ്ട് കട്ടികടലാസുകളുടെ ഇടയിൽ നൂലുകൾ പശചേർത്ത് ഒട്ടിച്ചാണ് ക്യാൻവാസ് തയ്യാറാക്കുക.ചോളം,കപ്പ,എന്നിവയുടെ സ്റ്റാർച്ചിൽ നിന്നു വേർതിരിച്ചെടുക്കുന്ന പോളിലാക്ടിക് മിശ്രിതം യന്ത്രസഹായത്തോടെ കടലാസിൽ പുരട്ടി കോട്ടിങ് ചെയ്യും.വെയിലിലും മഴയത്തും നിറംമങ്ങിയും കീറിയും പോകാതിരിക്കാണാനിത്.
കോയന്പത്തൂരിലാണ് ബോഹർ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത്.മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും അംഗീകാരം കിട്ടിയതായി നിർമ്മാതാക്കൾ പറയുന്നു.ഫൽക്സിനേക്കാൾ ബോഹറിന് ചെലവ് കൂടുമെന്നത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെചുപ്പ് ചെലവിനെ ബാധിക്കും.ഒരുചതുരശ്ര അടി ഫ്ളെക്സിന് 12 രൂപയാകുന്പോൾ ബോഹറിന് 20 രൂപയാകും.