പൊൻകുന്നം: ചുവരെഴുത്തിൽ ഇതാ ഒരു പെണ്മുഖം. ആണുങ്ങളുടെ കുത്തകയല്ല ചുവരെഴുത്തെന്നു തെളിയിക്കുകയാണ് ഇളങ്ങുളം തേക്കനാൽ ടി.പി. ഉഷാകുമാരി എന്ന കലാകാരി. കഴിഞ്ഞ 25 വർഷമായി ചുവരെഴുത്തുകൾ നടത്തുന്ന ഉഷാകുമാരി രാഷ്ട്രീയ വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഈ പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ ഇളങ്ങുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ചുവരെഴുതുന്ന കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഉഷ.
ഇരുപത്തഞ്ചുവർഷം മുന്പാണ് ഉഷാകുമാരി തെരഞ്ഞെടുപ്പ് ചുവരെഴുത്ത്, ബാനറെഴുത്ത് തുടങ്ങിയ ജോലികൾ വരുമാനത്തിനായി തെരഞ്ഞെടുത്തത്. പഠനകാലത്തുതന്നെ ചിത്രകലയിൽ താത്പര്യമുണ്ടായിരുന്ന ഉഷാകുമാരി പാലാ കൈരളി ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചിത്രകലയിൽ രണ്ടുവർഷത്തെ ഡിപ്ലോമ വിജയിച്ചിട്ടുണ്ട്.
ബാനർ, ബോർഡുകൾ, ചുവരെഴുത്ത് എന്നിവയിൽ സജീവമായിരുന്ന ഇവർ ഫ്ളക്സുകളുടെ പ്രചാരത്തോടെ രംഗം മാറി. ഈരാറ്റുപേട്ടയിൽ വാഹനങ്ങളുടെ നന്പർ പ്ലേറ്റ്, വാഹനങ്ങളിലെ മറ്റ് ഡിസൈൻ എഴുത്തുകൾ എന്നീ ജോലികൾ ചെയ്തുവരികയാണിപ്പോൾ.
ഈരാറ്റുപേട്ടയിലാണിപ്പോൾ താമസിക്കുന്നത്. ഭർത്താവ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പി.ആർ.ഹരിദാസ് ഈരാറ്റുപേട്ടയിൽ തന്നെ വർക് ഷോപ്പ് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനങ്ങളുടെ ഓൾട്ടറേഷൻ ജോലികൾ ചെയ്യുന്ന തിരക്കിലാണിപ്പോൾ.