തുറവൂർ: പോയ കാലത്ത് കൂറ്റൻ ഹോർഡിങ്ങുകളും ഫ്ലക്സുകളും ടി.വി പരസ്യങ്ങളുമൊക്കെ പ്രചാരം നേടുന്നതിനു മുമ്പ് മതിലുകളും കെട്ടിടങ്ങളുടെ ചുമരുകളുമായിരുന്നു പരസ്യങ്ങൾക്കായി കമ്പനികൾ ആശ്രയിച്ചിരുന്നത്.
തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യത്തിനായി തെരഞ്ഞെടുത്തിരുന്ന ചുവരുകളിൽ ഉത്പന്നത്തിന്റെ ചിത്രവും മിഴിവുറ്റ തരത്തിൽ വരച്ചുചേർത്തിരുന്നു.45 വർഷങ്ങൾക്ക് മുമ്പെഴുതിയ അത്തരമൊരു പരസ്യം ഇന്നും മായാതെ നിൽക്കുന്നൊരു ചുമരുണ്ട് കുത്തിയതോട്ടിൽ.
70-80 കാലഘട്ടത്തിൽ പ്രചുര പ്രചാരം നേടിയിരുന്ന തോഷിബ ആനന്ദ് ബാറ്ററിയുടെ പരസ്യം പ്രത്യക്ഷപ്പെട്ട ചുമരാണ് ഇന്നും മായാതെ നിൽക്കുന്നത്.
കുത്തിയതോട് ടെലിഫോൺ എക്സ്ചേഞ്ചിന് തെക്ക് വശം നീനാ മൻസിൽ പരേതനായ എ.കെ കുട്ടിമൂസയുടെ കെട്ടിടത്തിലാണ് തോഷിബ ആനന്ദ് ബാറ്ററിയുടെ ഗുണഗണങ്ങൾ വർണ്ണിക്കുന്ന ബാറ്ററി പരസ്യം.
ട്രാൻസിസ്റ്റർ റേഡിയോയും ടോർച്ചുകളും വ്യാപകമായി ഉപയോഗിച്ചിരുന്ന കാലഘട്ടമായിരുന്നതിനാൽ ബാറ്ററിക്കുണ്ടായിരുന്ന വിപണിമൂല്യം ഈ പരസ്യത്തിലൂടെ വായിച്ചെടുക്കാം.
“ഐഎസ്ഐ അടയാളമുള്ള ഒരേയൊരു ബാറ്ററി” ഇതായിരുന്നു പരസ്യത്തിലെ പ്രധാന വാചകംഇപ്പോൾ ഈ ചിത്രം സമൂഹ മാധ്യമത്തിലും വൈറൽ ആയിരിക്കുകയാണ്.
പ്രവാസിയായ മുഹമ്മദ് പി.മൂസയാണ് തന്റെ കുട്ടിക്കാലത്ത് പ്രത്യക്ഷപ്പെട്ട ഈ ചുമർ പരസ്യം സമൂഹ മാധ്യമത്തിലൂടെ ചർച്ചയാക്കിയിട്ടുള്ളത്.
കളമശേരിയിൽ പ്രവർത്തിച്ചിരുന്ന തോഷിബ ആനന്ദ് കമ്പനി 1996 ഓടെ പൂട്ടിപ്പോയെങ്കിലും പരസ്യം ഒരു കൗതുകമായി ഇന്നും മായാതെ നിൽക്കുന്നു.
തന്റെ ചില കുട്ടിക്കാല കരവിരുതുകളാണ് ഈ ചുമർ പരസ്യത്തിൽ കാണുന്ന കമ്പനിയുടെതല്ലാത്ത എഴുത്ത് കുത്തുകളെന്ന് പരിസരവാസിയായ സജിൽ പായിക്കാടും പറയുന്നു.