തിരുവനന്തപുരം: അറബിക്കടലിൽ രൂപമെടുത്ത ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭാഗമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് താണയിടങ്ങൾ വെള്ളത്തിലായി. വ്യാപക കൃഷിനാശവുമുണ്ടായി.
ജലനിരപ്പുയർന്നതോടെ ഏതാനും അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. തിരുവനന്തപുരത്ത് അരുവിക്കര, നെയ്യാർ അണക്കെട്ടുകളും എറണാകുളത്ത് ഭൂതത്താൻകെട്ടും തുറന്നു.
ഇതിനിടെ, സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. പൊഴിയൂർ മുതൽ പൊന്നാനിവരെയുള്ള തീരത്ത് നിരവധി വീടുകൾ തകർന്നു.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അതിശക്തമായ മഴയിൽ കുത്തിയൊലിച്ച് ചാലുകൾ രൂപംകൊണ്ടു. പുതിയ തുറമുഖ നിർമാണം നടക്കുന്നതിനോടു ചേർന്നുള്ള അടിമലത്തുറയിലും കടൽ കയറി.
കൊല്ലം ജില്ലയിൽ അഞ്ചുതെങ്ങു വരെയും ശക്തമായ കടലാക്രമണം തുടരുകയാണ്. കൊല്ലം ആലപ്പാട്ട് കടലാക്രമണം രൂക്ഷമായി. ഇവിടെ മൂന്നു വീടുകൾ തകർന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ആറ് കപ്പലുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു.
ആലപ്പുഴയിൽ ആറാട്ടുപുഴയിലും എറണാകുളത്ത് ചെല്ലാനത്തും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിൽ കടൽ കയറി. തൃശൂർ ചാവക്കാട്ട് കടലാക്രമണത്തിൽ ഒരു വീട് തകർന്നു.
കോഴിക്കോട് കടലുണ്ടിയിൽ ശക്തമായ കടലാക്രമണം തുടരുകയാണ്. കാപ്പാട്, കൊയിലാണ്ടി മേഖലകളിലും കടലാക്രമണത്തിൽ വെള്ളം കയറി. മലപ്പുറം പൊന്നാനിയിൽ 50 വീടുകളിൽ കടൽ കയറി.
കാറ്റിലും മഴയിലും വ്യാപക കൃഷിനാശമുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ താണ സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം കയറി. കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു. അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു.
അതിതീവ്ര മഴയും കാറ്റും നാളെവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെവരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടൽക്ഷോഭവും തുടരുമെന്നു മുന്നറിയിപ്പ്.
തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറി. അടുത്ത 24 മണിക്കൂറിൽ ഇതിന്റെ ശക്തി വർധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാം.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും. ഇന്നു പകൽ തന്നെ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് വടക്കോട്ടു നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്.കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ളത്.