കൊച്ചി: ജില്ലയുടെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശം. ചെറായി, എടവനക്കാട്, പറവൂർ, വെളിയത്തുനാട്, കുന്നുകര, വരാപ്പുഴ, കാലടി, കോതമംഗലം എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്.
നിരവധി വീടുകൾ തകരുകയും വാഴ, ജാതി, പച്ചക്കറി തുടങ്ങിയ കാർഷിക വിളകൾ നശിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ റോഡിലേക്ക് മരങ്ങൾ കടപുഴകിവീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെടുകയും ചെയ്തു.
ഏഴിക്കരയിൽ 53 ചീനവലകളും വീടും തകർന്നു
പറവൂർ: ഏഴിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം വിതച്ചു. 53 ചീനവലകൾക്ക് നാശം സംഭവിച്ചു. മരങ്ങൾ കടപുഴകി വീണ് ഒരു വീടു പൂർണമായി തകർന്നു. നാലു വീടുകൾക്കു ഭാഗികമായ കേടുപാടുകൾ പറ്റി.
ഒരു സ്ത്രീയുടെ കാലിനു പരുക്കേറ്റു. രണ്ടു പേരുടെ പശുത്തൊഴുത്തും നിരവധി കർഷകരുടെ വാഴ, ജാതി, പച്ചക്കറി തുടങ്ങിയ വിളകളും നശിച്ചു. കടക്കര, പുളിങ്ങനാട്, ചാത്തനാട് ഭാഗങ്ങളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്.
ചീനവലകൾ തകർന്നതു മാത്രം കണക്കാക്കുമ്പോൾ നഷ്ടം 50 ലക്ഷത്തിലേറെയുണ്ടെന്നാണു പ്രാഥമിക നിഗമനം. പുളിയും തെങ്ങും മറിഞ്ഞു വീണു കടക്കര ആട്ടേക്കോളനിയിൽ പെരുന്തിട്ടപ്പറമ്പ് ജയകുമാറിന്റെ വീടു തകർന്നു.
പുളിങ്ങനാട് ആലിങ്ങത്തറ ഇന്ദിര, ആലിങ്ങത്തറ ജിനില എന്നിവരുടെ വീടുകൾക്കു മുകളിലേക്കും മരം കടപുഴകി വീണു. പുളിങ്ങനാട് പതിയപറമ്പിൽ ദാസന്റെയും കടക്കര നിസരിയിൽ അനീഷിന്റെയും പശുത്തൊഴുത്തുകൾ നശിച്ചു.
മരം കടപുഴകി വീണു സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിനു നാശമുണ്ടായി. കടക്കര പാലത്തിനു സമീപം റോഡിലേക്കു മരം മറിഞ്ഞു വീണു തടസപ്പെട്ട ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകൾ പൊട്ടിയതിനാൽ പ്രദേശത്ത് ഏറെനേരം വൈദ്യുതി തടസമുണ്ടായി.
വൈപ്പിൻ: ചെറായി, എടവനക്കാട് മേഖലയിലുമായി കാറ്റിൽ 17 ഓളം ചീനവലകൾ നിലംപതിച്ചു. ചെറായി കായലിനു ഇരുകരകളിലുമാണ് കൂടുതൽ ചീനവലകൾ നിലം പതിച്ചത്. എടവനക്കാട് അഞ്ചാം വാർഡിൽ വീടിന്റെ മേൽക്കൂര മേഞ്ഞിരുന്ന ഇരുന്പ് ഷീറ്റ് വീണ് അമ്മയ്ക്കും കുഞ്ഞിനും നിസാര പരിക്കേറ്റു. കണക്കശേരി അലക്സിന്റെ വീടിന്റെ മേൽക്കൂരയാണ് ഇടിഞ്ഞു വീണത്.
വെളിയത്തുനാട്ടിലും കൃഷിനാശം
ആലുവ: വെളിയത്തുനാട് മേഖലയിൽ കഴിഞ്ഞ രാത്രി ഉണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നതോടൊപ്പം ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശവും സംഭവിച്ചു. കൃഷിമന്ത്രിയുടെ നിർദേശപ്രകാരം കൃഷി വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചു.
മില്ലുപടി, തടിക്കകടവ്, അടുവാതുരുത്ത്, പാറാന, വെളിയത്തുനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. വാഴ, ജാതി, നിരവധി പച്ചക്കറികൾ തുടങ്ങിയവയാണ് കാറ്റിൽ നശിച്ചത്. വെളിയത്തുനാട് മില്ലുപടിയിൽ താമസിക്കുന്ന കരോട്ടുപറമ്പിൽ സുബ്രഹ്മണ്യന്റെ വീട് പൂർണമായും തകർന്നു.
കരുമാല്ലൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ നിരവധി വീടുകൾൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഴകൃഷി നശിക്കുകയും ചെയ്തു. വൈദ്യുതി ബന്ധവും തകരാറിലായി.
വരാപ്പുഴയിൽ മരങ്ങൾ കടപുഴകി വീണു
വരാപ്പുഴ: വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മരങ്ങൾ റോഡിലേക്ക് മറിഞ്ഞ് വീണ് ഗതാഗത തടസവും വൈദ്യുതി തടസവും ഉണ്ടായി. വ്യാപക കൃഷിനാശവും ഉണ്ടായി.
പുത്തൻപള്ളി ഇമ്മാക്കുലേറ്റ് കോൺവ ന്റിൽ നൂറുകണക്കിന് വാഴകളാണ് കാറ്റിൽ ഒടിഞ്ഞു വീണത്. മൂപ്പെത്തിയ വാഴകളാണ് കാറ്റിൽ നശിച്ചതെന്ന് മദർ സുപ്പീരിയർ സിസ്റ്റർ ലിസ കുര്യൻ പറഞ്ഞു.
കൃഷിനാശമുണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, പഞ്ചായത്തംഗം ടി.ജെ. ജോമോൻ, അസി. കൃഷി ഓഫീസർ എസ്. സീന എന്നിവർ സന്ദർശിച്ചു.
കുന്നുകരയിൽ കാൽ ലക്ഷത്തോളം വാഴകൾ നശിച്ചു
നെടുന്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ കാൽ ലക്ഷത്തോളം വാഴകളും, ജാതി, പച്ചക്കറി കൃഷികൾ എന്നിവയും നശിച്ചു. വയലുകര, കുറ്റിപ്പുഴ, കോവാട്ട് എന്നിവടങ്ങളിൽ വൻ കൃഷിനാശമാണുണ്ടായത്.
കാലടി: കാലടി വട്ടപ്പറന്പിൽ തെങ്ങുവീണ് വീടു തകർന്നു. വട്ടപ്പറന്പ് അന്പാടൻ കുമാരന്റ വീടാണ് തകർന്നത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നർ ഇറങ്ങി ഓടിയതിനാൽ ആളപായമില്ല.
കോതമംഗലത്ത് അഞ്ച് വീടുകൾ തകർന്നു
കോതമംഗലം: കോതമംഗലത്ത് ഇന്നലെ വൈകുന്നേം ഉണ്ടായ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. കുത്തുകുഴി, ചേലാട്, വാളാച്ചിറ, എളംമ്പ്ര എന്നിവിടങ്ങളിലായിട്ടാണ് കാറ്റില്‍ വീടുകള്‍ക്ക് നാശം സംഭവിച്ചത്.
ചേലാട് കളപ്പുരയ്ക്കല്‍ സാംകുട്ടിയുടെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തില്‍ നിന്ന തെങ്ങ് മറിഞ്ഞാണ് നാശം ഉണ്ടായത്. എളംമ്പ്ര അമ്മംകുളം റെജി ബോബിയുടെ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞ് ഭാഗികനാശം ഉണ്ടായിട്ടുണ്ട്.
കുത്തുകുഴി മാരമംഗലത്ത് തോട്ടാമഠത്തില് സുകുമാരന്റെ വീടിന് മുകളിലേക്ക് മരം മറിഞ്ഞ് അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നു. കവളങ്ങാട് പഞ്ചായത്തിലെ വാളാച്ചിറയില്‍ ആലക്കട സലാമിന്റെ വീടിന് മുകളിലേക്ക് റബര്‍മരം ഒടിഞ്ഞുവീണ് മേല്‍ക്കൂരയ്ക്ക് കേടുപാടുണ്ടായി.
മുക്കട ഉമ്മറിന്റെ വീടിന് മുകളിലേക്ക് കവുങ്ങു വീണു. എടപ്പാറ വര്‍ഗീസിന്റെ പുരയിടത്തില്‍നിന്ന് റബര്‍മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതതടസവുമുണ്ടായി. പ്രദേശത്ത് നിരവധി പേരുടെ റബറും വാഴയും നശിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടിവീണ് പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായി.