കോടാലി: മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നേന്ത്രവാഴകർഷകർക്ക് അരകോടിയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. 15,000 ൽ ഏറെ നേന്ത്രവാഴകൾ കാറ്റിൽ നിലം പൊത്തി. ഇവയിലേറെയും കുലച്ചവാഴകളാണ്. വായ്പയെടുത്ത് കൃഷിയിറക്കിയ കർഷകരെ കാറ്റ് ചുഴറ്റിയെറിഞ്ഞത് കടക്കെണിയുടെ നിലയില്ലാക്കയത്തിലേക്കാണ്.
കഴിഞ്ഞ വർഷം നേന്ത്രക്കുലകൾക്ക് ലഭിച്ച മികച്ച വില ഇത്തവണ മലയോരത്ത് വാഴകൃഷി പൂർവാധികം വ്യാപകമാകാൻ കാരണമായിരുന്നു. മറ്റത്തൂർ, കൊടകര, വരന്തരപ്പിള്ളി, കോടശേരി പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് നേന്ത്രവാഴകളാണ് ഇക്കുറി കൃഷി ചെയ്തിരിക്കുന്നത്. ഇവയിൽ മിക്കതും ഓണവിപണി ലക്ഷ്യമിട്ടുള്ളതാണ്.
കിലോഗ്രാമിന് 60 രൂപയിലേറെയായിരുന്നു കഴിഞ്ഞ ഓണക്കാലത്തെ നേന്ത്രക്കായ വില. മെയ് അവസാനത്തോടെ വിളവെടുപ്പിന് പാകമാകേണ്ട വാഴകളാണ് കഴിഞ്ഞ ദിവസം കാറ്റിൽ നശിച്ചവയിലേറേയും. വേനൽമഴക്കൊപ്പം എത്താറുള്ള കാറ്റിൽ നിന്ന് മുളങ്കാലുകൾ ,കാറ്റാടിമരം എന്നിവ ഉപയോഗിച്ചാണ് വാഴകളെ കർഷകർ രക്ഷിക്കുന്നത്.
പ്ലാസ്റ്റിക് വള്ളികൾ കൊണ്ട് വാഴകളെ പരസ്പരം ബന്ധിപ്പിച്ചും കാറ്റിനെ ചെറുക്കുന്ന രീതി കർഷകർ അവലംബിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള മുൻകരുതലെടുക്കാൻ കർഷകർ തയാറെടുത്തുവരുന്ന സമയത്താണ് പ്രതീക്ഷിക്കാതെ കാറ്റും മഴയുമെത്തി കഴിഞ്ഞ ദിവസം നാശം വിതച്ചത്. വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാഴകളെ സംരക്ഷിക്കാനുള്ള തിരക്കിട്ട പണികളിലാണ് കർഷകർ.