തിരുവനന്തപുരം: അറബിക്കടലിന്റെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് അടുത്ത 5 ദിവസങ്ങളിൽ തെക്കൻ ഒമാൻ, യമൻ, തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. അറബിക്കടലിന്റെ തെക്കുകിഴക്ക്- മധ്യകിഴക്കു ഭാഗങ്ങളിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച മുതൽ 12 വരെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ നിർദേശിക്കുന്നു.
അടുത്ത 48 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തേക്കും അടുത്ത 24 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്ക് ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്.