ചേർത്തല: ചേർത്തലയിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ വ്യാപകനാശം. നഗരസഭ ഒന്നാം വാർഡിലാണ് കൂടുതലായും നാശനഷ്ടം സംഭവിച്ചത്. ഒറ്റപ്പുന്ന മുതൽ ശക്തീശ്വരം വരെയുള്ള ഭാഗത്ത് മരംവീണ് 15ൽപ്പരം വീടുകൾ ഭാഗികമായി തകർന്നു. 11 കെ വി ലൈൻ ഉൾപ്പെടെ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങി. വെള്ളിയാഴ്ച പുലർച്ചെ നാലോടെയാണ് ഭയപ്പെടുത്തുന്ന ശബ്ദത്തോടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
നൂറുകണക്കിന് മരങ്ങൾ കടപുഴകിയും ഒടിഞ്ഞും നിലംപൊത്തി. മരങ്ങൾ പതിച്ചാണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായത്. ചിലയിടങ്ങളിൽ വൈദ്യുതി കന്പികൾ പൊട്ടിവീണു. പോസ്റ്റുകളും ഒടിഞ്ഞു. ഇതോടെ വൈദ്യുതി വിതരണം പൂർണമായി മുടങ്ങി.
കണിപ്പറന്പ് സദാനന്ദൻ, അറയ്ക്കൽവെളി മുരളീധരൻ, പൊന്നമ്മ, കുറവൻപറന്പ് പ്രവീണ മധു, അറയ്ക്കൽവെളി ജയശ്രീ അനിൽകുമാർ, മേനാശേരി ധന്വന്തരൻ തുടങ്ങിയവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
129-ാം നന്പർ കയർ സഹകരണസംഘം ഓഫീസിനും കേടുപാടുണ്ടായി. ചില വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് അകലെ പതിച്ചു. ചില വീടുകളുടെ ചുറ്റുമതിലാണ് തകർന്നത്. വലിയ ശബ്ദത്തോടെയെത്തിയ കാറ്റ് മിനിട്ടുകളോളം നീണ്ടുനിന്നു. ഇതോടെ വീടുകളിൽ ഉണ്ടായിരുന്നവർ ഭയപ്പെട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വൻമരങ്ങൾ ഉൾപ്പെടെയാണ് നിലംപൊത്തിയത്.
മുനിസിപ്പൽ കൗണ്സിലർ ജി.കെ അജിത്തിന്റെയും ചേർത്തല വടക്ക് വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ മുനിസിപ്പൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് മരങ്ങൾ വെട്ടിമാറ്റുന്ന ജോലി നടത്തി. കഐസ്ഇബി ജീവനക്കാർ ലൈനുകളിലെ കേടുപാടുകൾ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് ജോലി ആരംഭിച്ചു.
11 കെ വി ലൈനുകൾ ഉൾപ്പെടെ തകർന്നതിനാൽ ശനിയാഴ്ചയോടെ മാത്രമേ ജോലി പൂർത്തിയാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.