തിരുവനന്തപുരം: അറബിക്കടലിൽ തീവ്രചുഴലിക്കാറ്റായി മാറിയ ലുബാൻ കേരളതീരത്ത് ഉയർത്തിയ ഭീഷണി ഒഴിഞ്ഞതിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപമെടുത്തു. വടക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തിത് ലി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
ഒഡിഷയിലെ ഗോപാൽപൂരിന് ഏകദേശം 530 കിലോ മീറ്റർ തെക്ക് കിഴക്കായും, ആന്ധ്രാപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റർ കിഴക്ക് -തെക്ക് കിഴക്കായുമാണ് ഇപ്പോൾ ന്യൂനമർദം നിലകൊള്ളുന്നത്. അടുത്ത 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശിന്റെ തീരങ്ങളായ ഗോപാൽപൂരിനും, കലിംഗപട്ടണത്തിനും മധ്യേ കരയ്ക്ക് കയറും.
ഇതിന്റെ ഭാഗമായി അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഒഡിഷയിലെയും ആന്ധ്രാപ്രദേശിന്റെ വടക്കൻ ജില്ലകളിലും പല സ്ഥലങ്ങളിലും മഴയുണ്ടാകും. കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.
കൊച്ചി തീരത്തുനിന്ന് 1,600 കിലോമീറ്റർ അകലെയാണ് ലുബാൻ ഇപ്പോഴുള്ളത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗമാർജിക്കുന്ന കാറ്റ് അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്. 13-ന് വേഗം കുറഞ്ഞ് ഒമാൻ, യെമൻ തീരങ്ങളിലെത്തുമെന്നാണു സൂചന.