കൊരട്ടി (തൃശൂർ): ഇന്നലെ രാത്രി 11ന് കൊരട്ടി, അന്നമനട മേഖലയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ കനത്ത നാശം. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കാറ്റിലാണ് അന്നമനട ഗ്രാമപഞ്ചായത്തിലെ വാപ്പറന്പ്, വെസ്റ്റ് കൊരട്ടി എന്നിവിടങ്ങളിലും കൊരട്ടി ഗ്രാമപഞ്ചായത്തിലെ പൊങ്ങം, ചിറങ്ങര, മുടപ്പുഴ, ചെറ്റാരിക്കൽ ഭാഗങ്ങളിലും നാശം സംഭവിച്ചത്.
ഒട്ടേറെ വൻമരങ്ങൾ കടപുഴകി. വീടുകളുടെ ടെറസിനു മേലെയുള്ള അലുമിനീയം ഷീറ്റുകളും കാറ്റിൽ തകർന്നുവീണു. ചിറങ്ങരയിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷൻ ലോറി ശക്തമായ കാറ്റിൽമറിഞ്ഞു.
പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും താറുമാറായിരിക്കുകയാണ്. മഴയോടുകൂടി വീശിയ കാറ്റിൽ പ്രദേശവാസികൾ ഭയന്നു വിറച്ചു. കാറ്റിന്റെ ആരവവും മരങ്ങൾ കടപുഴകി വീഴുന്നതിന്റെയും അലുമീ നീയം ഷീറ്റുകൾ തകർന്നു വീഴുന്നതിന്റെയും ശബ്ദം കേട്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. ഭൂമികുലുക്കമാണെന്നാണ് പലരും കരുതിയത്.
വെസ്റ്റ് കൊരട്ടി – വാപ്പറന്പ് മേഖലയിൽ
അന്നമനട വാപ്പറന്പിൽ കയ്യാല വിൽസന്റെ വീടിന് മുകളിൽ രണ്ടിടങ്ങളിലായി മരങ്ങൾ കടപുഴകി വീണു. പറന്പിലുണ്ടായിരുന്ന ജാതി, പ്ലാവ്, കവുങ്ങ്, തേക്ക് അടക്കമുള്ള മുഴുവൻ മരങ്ങളും മറിഞ്ഞു കിടക്കുകയാണ്. കയ്യാല ജോണിയുടെ വീടിന്റെ മുകളിലെ ഷീറ്റുകളും നിലംപൊത്തി.
താഴെയുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടിനു മുന്നിലെ വലിയൊരു വൃക്ഷം കടപുഴകി. കയ്യാല ഫ്രാൻസിസിന്റെ വീടിന് മുകളിൽ മാവുവീണ് വീടിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. കൂരൻ എൽദോസിന്റെയും കെ.ആർ പൗലോസിന്റെയും കൂരൻ ജോയിയുടെയും പറന്പിലെ ജാതിയടക്കമുള്ള ഫലവൃക്ഷങ്ങളും മറിഞ്ഞു കിടക്കുകയാണ്.
പൊങ്ങം – ചിറങ്ങര – ചെറ്റാരിക്കൽ മേഖല
ദേശീയ പാത ചിറങ്ങരയിൽ വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന അന്യസംസ്ഥാന ലോറി മറിഞ്ഞു. കൊടിയപ്പാടൻ തോമസിന്റെ വീടിനു മുകളിലെ അലുമിനീയം ഷീറ്റുകൾ പൂർണമായും നിലംപൊത്തി.
റെയിൽവേ ട്രാക്കിന് സമീപം ഇടയാട്ട് ലെവൻ, പാഴായി കളരിക്കൽ അരവിന്ദാക്ഷൻ, കളരിക്കൽ ലാലു, വെണ്ണൂക്കാരൻ സേവി എന്നിവരുടെ വീടുകൾക്കു മുകളിലേക്ക് മരങ്ങൾ വീണിട്ടുണ്ട്. പറന്പുകളിലും മരം കടപുഴകിയിട്ടുണ്ട്.
ചിറങ്ങര താമരക്കപ്പേള- മുടപ്പുഴ മേഖല
ചിറങ്ങര താമരക്കപ്പേളക്ക് സമീപം വിതയത്തിൽ സെബാസ്റ്റ്യന്റെ വീടിന്റെ മുകളിലെ അലുമിനീയം ഷീറ്റുകൾ തകർന്നടിഞ്ഞു. കാറ്റിന്റെ ശക്തിയിൽ അടുത്ത വീടിന്റെ ടെറസിനു മുകളിലേക്കും തൊട്ടടുത്ത പാടത്തേക്കും ഷീറ്റുകൾ പറന്നു പോയി.
റോഡിൽ നിന്ന രണ്ടു ടെലിഫോണ് പോസ്റ്റുകളും അടുത്ത പറന്പിൽ കിടക്കുകയാണ്. പെരേപ്പാടൻ സോജന്റെ പറന്പിലെ ജാതി, തേക്ക് അടക്കം ഒട്ടേറെ മരങ്ങൾ കടപുഴകിയിട്ടുണ്ട്. പെരേപ്പാടൻ മാത്തപ്പൻ, പൈനാടത്ത് ജോർജ് എന്നിവരുടെ പറന്പുകളിലെ മരങ്ങൾ വീണിട്ടുണ്ട്.
ചിറങ്ങര ലൈ വ്യാപാര സ്ഥാപനമായ മംഗലത്ത് ട്രേഡിംഗിനും നാശം സംഭവിച്ചിട്ടുണ്ട്. മുടപ്പുഴ അൽഫോൻസാ പള്ളിയുടെ പരിസര പ്രദേശങ്ങളിലും മരങ്ങൾ വീണു കിടക്കുകയാണ്.
മംഗലശേരി മേഖലയിൽ
മംഗലശേരി കോഴിപ്പാട്ട് പോളിയുടെ വീടിന്റെ ഷീറ്റുകൾക്ക് മുകളിലേക്ക് മരംവീണു. തെക്കിനിയൻ മാത്യുവിന്റെ വീടിനു മുകളിലേക്കും മരംവീണിട്ടുണ്ട്. മാളിയേക്കൽ വർഗീസിന്റെ വീടിന്റെ ഓടുകൾ പറന്നുപോയി. കണ്ണന്പുഴ പൗലോസ്, മാളിയേക്കൽ തോമസ്, ചക്യേത്ത് ഫ്രാൻസീസ്, വാപ്പാലൻ ഗോപി എന്നിവരുടെ പറന്പുകളിലെ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
വൈദ്യുതി ബന്ധം താറുമാറായി
കൊരട്ടി വെസ്റ്റ് കൊരട്ടി, വാപ്പറന്പ്, ചെറ്റാരിയ്ക്കൽ, പൊങ്ങം,ചിറങ്ങര പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി കന്പികളും പൊട്ടി കിടക്കുകയാണ്. പത്തോളം പോസ്റ്റുകൾ തകർന്നിട്ടുണ്ട്. മരങ്ങൾ വെട്ടിനീക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അധികൃതർ സ്ഥലത്തെത്തി
നാശം സംഭവിച്ച പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലനും വില്ലേജ് ഓഫീസർ രഞ്ജിത്തും ഗ്രാമപഞ്ചായത്ത് അംഗങ്ങളും സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി സാധ്യതമായ സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു. വെസ്റ്റ് കൊരട്ടി മേഖലയിൽ തുടർനടപടികൾ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.യു കൃഷ്ണകുമാറിന്റെയും രമാ നാരായണന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.