വടക്കഞ്ചേരി: തുടർച്ചയായ വർഷങ്ങളിൽ വേനൽമഴയ്ക്കും കാലവർഷത്തിനും മുന്നോടിയായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് ജനങ്ങളെ ഭീതിയിലാക്കുന്നു. 2014 മുതൽ തുടർച്ചയായ വർഷങ്ങളിലാണ് ചുഴലിക്കാറ്റ് നാട്ടിൽ നാശംവിതയ്ക്കുന്നത്.ഞായറാഴ്ച വൈകുന്നേരം കണ്ണന്പ്ര, വാളുവച്ചപ്പാറ, നടത്തിപ്പാറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് താണ്ഡവമാടിയത്.
നേന്ത്രവാഴതോട്ടങ്ങൾക്കായിരുന്നു ഏറെയും നാശം. പത്തോളം കർഷകരുടെ അയ്യായിരത്തിൽപരം കുലവന്ന നേന്ത്രവാഴകൾ നശിച്ചു. കൂടാതെ റബർതോട്ടങ്ങൾക്കും നാശമുണ്ടായി.കഴിഞ്ഞവർഷം ഏപ്രിൽ 13ന് അണക്കപ്പാറ മേഖലയിലായിരുന്നു ചുഴലി ആഞ്ഞടിച്ചത്. ഇരുപതുവീടുകൾ പ്രദേശത്ത് തകർന്നു.
2016 മേയ് 14ന് കണ്ണന്പ്രയിലുണ്ടായ ചുഴലിക്കാറ്റിൽ 40 വീടുകളാണ് തകർന്നത്. ചൂർക്കുന്ന്, കല്ലേരി പ്രദേശങ്ങളിലായിരുന്നു കാറ്റ്. ഇതേവർഷം ജൂണ് 15ന് മംഗലംഡാം പൊൻകണ്ടത്ത് ചുഴലിക്കാറ്റുണ്ടായി നിരവധി റബർതോട്ടങ്ങൾ ഒന്നാകെ നശിക്കുന്ന സ്ഥിതിയുണ്ടായി.2015 ഏപ്രിൽ 22ന് കണ്ണന്പ്ര, പുതുക്കോട് പഞ്ചായത്തുകളിലായി ഉണ്ടായ ചുഴലിക്കാറ്റിൽ 33 വീടുകളാണ് തകർന്നത്. മഞ്ഞപ്ര കൊളയക്കാട് മുതൽ രണ്ടുകിലോമീറ്റർ പിന്നിട്ട് പുതുക്കോട് മാറലാട് തെരുവുവരെ മിന്നൽവേഗതയിലാണ് ചുഴലികൊടുങ്കാറ്റുണ്ടായത്.
2014 മേയ് അഞ്ചിന് കിഴക്കഞ്ചേരിയിലുണ്ടായ ചുഴലി കൊടുങ്കാറ്റായിരുന്നു ഇക്കഴിഞ്ഞ നാലുവർഷത്തിനിടെയുണ്ടായ ഏറ്റവും നാശകരമായ ചുഴലി.അന്ന് വടക്കേത്തറ, പുഴക്കത്തറ എന്നീ രണ്ടു കിലോമീറ്ററിനുള്ളിൽ മാത്രം നൂറിലേറെ വീടുകൾ തകർന്നു. 50 വൈദ്യുതിപോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതിനുമുന്പ് ആരോഗ്യപുരം ഭാഗത്തും ഒറ്റപ്പെട്ട ചുഴലിക്കാറ്റുണ്ടായി റബർതോട്ടം നശിച്ചിരുന്നു.
കണ്ണടച്ച് തുറക്കുംമുന്പേ കാറ്റുപോകുന്ന വഴിയിലെ എല്ലാം കടപുഴക്കി നശിപ്പിക്കും. വീടുകളുടെ ഓടുകളും ഷീറ്റൂം ദൂരേയ്ക്ക് പറക്കും. മേൽക്കൂര ഉറപ്പിച്ചില്ലെങ്കിൽ അതും പറന്ന് താഴെവീഴും. ഉഗ്രകോപിയായി എത്തുന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ്. നല്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. തുടർച്ചയായ വർഷങ്ങളിലെ ഈ പ്രതിഭാസം പഠനവിധേയമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.